കൊച്ചി: അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പരാതിയില്‍ സിപിഎം സസ്പെന്‍ഡ് ചെയ്ത കളമശ്ശേരി ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈനെതിരേയും എളമരം കരീമിന്റെ അന്വേഷണ റിപ്പോര്‍ട്ടിനേതിരേയും തുറന്നടിച്ച് മുതിര്‍ന്ന നേതാവ് എം.എം ലോറന്‍സ്. സക്കീര്‍ ഹുസൈനെതിരായ പാര്‍ട്ടി നടപടി പോരെന്നും ലോറന്‍സ് പറഞ്ഞു.
സക്കീര്‍ തിരുത്തില്ലെന്ന് ഉറപ്പുള്ളയാളാണ്. അത്തരം ഒരാള്‍ക്കെതിരെ സസ്പെന്‍ഷനല്ല വേണ്ടത്. കൂടുതല്‍ നടപടി വേണ്ടിയിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യമാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ലോറന്‍സ് പരസ്യമായി വിമർശനം ഉന്നച്ചത്.
പരാതി അന്വേഷിച്ച എളമരം കരീമിന്റെ അന്വേഷണ റിപ്പോര്‍ട്ട് സക്കീറിനെ രക്ഷിക്കാനുദ്ദേശിച്ചുള്ളതാണ്. സക്കീറിന് ഇതുവരെ തുണയായത് പാര്‍ട്ടിയിലെ സാമ്പത്തിക കൂട്ടുകെട്ടാണെന്നും ലോറന്‍സ് തുറന്നടിച്ചു.
എളമരം കരീമിന്റെ അന്വേഷണം ശരിയായ രീതിയിലല്ലെന്ന് പാര്‍ട്ടിയിലെ ചിലര്‍ തന്നെ വിളിച്ച് പറഞ്ഞിട്ടുണ്ട്. ജില്ലയിലെ പാര്‍ട്ടിയില്‍ വിഭാഗീയതയുണ്ട്. പഴയകാലത്തെ വിഭാഗീയത പോലെയല്ല ഇപ്പോ പാര്‍ട്ടിയിലുള്ളത്. രാഷ്ട്രീയ അടിസ്ഥാനത്തിലുള്ളതായിരുന്നു പണ്ടത്തെ വിഭാഗീയത. സാമ്പത്തികവും സ്ഥാനമോഹവുമാണ് ഇപ്പോഴത്തേതിന്റെ അടിസ്ഥാനം. സ്ഥാനം സാമ്പത്തിക നേട്ടമുണ്ടാക്കാന്‍ സാധിക്കുമെന്ന് തെളിയിച്ചിട്ടുമുണ്ടെന്നും ലോറന്‍സ് വ്യക്തമാക്കി.
അനധികൃത സ്വത്ത് സമ്പാദന ആരോപണത്തില്‍ ആറ് മാസത്തേയ്ക്കാണ് സക്കീര്‍ ഹുസൈനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്.
Discussion about this post