കൊച്ചി: തിരുവനന്തപുരം നയതന്ത്രബാഗ് മറയാക്കി നടത്തിയ സ്വർണക്കടത്തിന് തീവ്രവാദസംഘങ്ങളുമായി ബന്ധമുണ്ടെന്നകാര്യം റിമാൻഡ് റിപ്പോർട്ടിലും ആവർത്തിച്ച് എൻ.ഐ.എ. സ്വർണക്കടത്തിന്റെ സാമ്പത്തികകാര്യങ്ങൾ കൈകാര്യം ചെയ്തിരുന്നത് റമീസും മൂവാറ്റുപുഴ സ്വദേശി ജലാലും ചേർന്നാണ്. പലതരത്തിൽ തീവ്രവാദപ്രവർത്തനങ്ങൾക്ക് പണം നൽകാൻ കള്ളക്കടത്ത് ഉപയോഗിച്ചിട്ടുണ്ടെന്നാണു സംശയിക്കുന്നതെന്നും എൻഐഎ റിപ്പോർട്ടിൽ പറയുന്നു.
നയതന്ത്രതലത്തിലും നയതന്ത്രബാഗ് മറയാക്കി നടത്തിയ കള്ളക്കടത്ത് പ്രശ്നങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ഭീകരവാദ ബന്ധമുൾപ്പെടെ കള്ളക്കടത്തിന്റെ പ്രയോജനം പറ്റിയവരെയും കണ്ടെത്തേണ്ടതുണ്ട്. തെളിവെടുപ്പിൽ കണ്ടെത്തിയ ഡിജിറ്റൽ വീഡിയോ റെക്കോഡറിൽ കേസിലേക്കു തെളിവാകുന്ന നിർണായക ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ടെന്നു കരുതുന്നെന്നും അന്വേഷണസംഘം ചൂണ്ടിക്കാട്ടി. കസ്റ്റഡിയിലെടുത്ത ഇരുവരുടെയും ബാഗുകളിൽ തെളിവുകൾ കണ്ടെത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു.
സ്വർണം കടത്തിലെ മുഖ്യകണ്ണി മലപ്പുറം സ്വദേശി കെ.ടി. റമീസാണെന്നും അറസ്റ്റിലായ സ്വപ്നാ സുരേഷും സന്ദീപ് നായരും കുറ്റം സമ്മതിച്ചെന്നും എൻ.ഐ.എ.യുടെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. സംഘത്തിന്റെ ആശയവിനിമയം ടെലിഗ്രാം ആപ്പിലൂടെയാണെന്നും എൻ.ഐ.എ. കണ്ടെത്തി. സ്വപ്നയുടെയും സന്ദീപിന്റെയും കസ്റ്റഡി നീട്ടണമെന്നാവശ്യപ്പെട്ടാണ് റിമാൻഡ് റിപ്പോർട്ട് നൽകിയത്.
നേരത്തേ കസ്റ്റംസ് കണ്ടെത്തിയ കാര്യങ്ങളുമായി പൂർണമായും യോജിക്കുന്നതാണ് എൻ.ഐ.എ.യുടെ റിപ്പോർട്ട്.
Discussion about this post