അഹമ്മദാബാദ്: കാമുകിയെ കാണാൻ പാകിസ്ഥാനിലേക്ക് കാൽനടയായി പോകാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ബിഎസ്എഫ് ആണ് അറസ്റ്റ് ചെയ്തത്. 20 വയസുള്ള എഞ്ചിനിയറിംഗ് വിദ്യാർഥിയാണ് സോഷ്യൽമീഡിയയിലൂടെ പരിചയപ്പെട്ട പാക് കാമുകിയെ കാണാൻ അതിർത്തി കടക്കാൻ ശ്രമിച്ചത്. ജൂലൈ 17നായിരുന്നു സംഭവം. മഹാരാഷ്ട്രയിൽ നിന്നുള്ള സിഷാൻ മുഹമ്മദ് സിദ്ദിഖി ആണ് അറസ്റ്റിലായത്.
ഗുജറാത്തിലെ കച്ച് മേഖലയിൽ വെച്ച് വ്യാഴാഴ്ച രാത്രിയാണ് അതിർത്തി രക്ഷാ സേന സിദ്ദിഖിയെ പിടികൂടുന്നത്. ചോദ്യം ചെയ്ത് വിവരങ്ങൾ ശേഖരിച്ചശേഷം പിന്നീട് പൊലീസിന് കൈമാറുകയായിരുന്നു. ഓൺലൈനിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ കാണാനായിരുന്നു അതിർത്തി കടക്കാനുള്ള യുവാവിന്റെ ശ്രമം.
മഹാരാഷ്ട്ര ഉസ്മാൻബാദ് നഗരത്തിലെ ഖ്വാജംഗാർ പ്രദേശത്തെ താമസക്കാനാണ് സിദ്ദിഖി. ജൂലൈ 11ന് വീടുവിട്ടിറങ്ങിയ സിദ്ദിഖി ബൈക്കിൽ കാമുകിയെ കാണാൻ പോവുകയായിരുന്നു. ലോക്ക്ഡൗണായതിനാൽ പൊതുവാഹനങ്ങളൊന്നുമില്ലാത്തതും ബൈക്കിൽ സാഹസത്തിന് മുതിരാൻ യുവാവിനെ പ്രേരിപ്പിച്ചു. കച്ച് വരെ ബൈക്കിലത്തിയപ്പോൾ ടയറുകൾ മണലിൽ പുതഞ്ഞു. തുടർന്നും ബൈക്കിൽ യാത്ര ചെയ്യാനാകില്ലെന്ന് മനസിലായതോടെ നടന്നു അതിർത്തികടക്കാൻ തീരുമാനിക്കുകയായിരുന്നു.
കഴിഞ്ഞ കുറച്ച് മാസങ്ങളായി പാകിസ്ഥാനി യുവതിയുമായി ഓൺലൈനിലൂടെ സിദ്ദിഖിക്ക് ബന്ധമുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. യുവാവിനെ കാണാതായതോടെ കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് അന്വേഷണം ആരംഭിച്ച പൊലീസ് സിദ്ദിഖിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പരിശോധിച്ചു. പാകിസ്ഥാനി കാമുകിയെ കാണാൻ വീടുവിട്ടിറങ്ങിയതാണെന്ന് കണ്ടെത്തി. തുടർന്ന് യുവാവിനെ ട്രേസ് ചെയ്യുകയും ഗുജറാത്തിലുണ്ടെന്ന് മനസിലാക്കുകയും ചെയ്തു. പിന്നാലെ ഗുജറാത്ത് പൊലീസിന് വിവരം കൈമാറി.
കറാച്ചിയിലുള്ള പെൺകുട്ടിയുമായി ബന്ധമുണ്ടെന്ന് സിദ്ദിഖി ബിഎസ്എഫിനോട് സമ്മതിച്ചു. ഗൂഗിൾ മാപ്പ് ഉപയോഗിച്ച് പാകിസ്ഥാനിലേക്ക് പോകാനായിരുന്നു പദ്ധതി. അതിർത്തിക്ക് ഒന്നര കിലോ മീറ്റർ അകലെവെച്ചാണ് യുവാവ് പിടിയിലായത്. നിർജലീകരണം കാരണം തളർന്ന അവസ്ഥയിലായിരുന്നു. ഇടയ്ക്ക് രണ്ടുമണിക്കൂറോളം കച്ച് മരുഭൂമിയിൽ വെച്ച് അബോധാവസ്ഥയിലായെന്നും യുവാവ് ബിഎസ്എഫിനോട് പറഞ്ഞു.
Discussion about this post