സംസ്കൃതം സിനിമയായ നമോയിലെ ജയറാമിന്റെ അഭിനയത്തെ പ്രശംസിച്ച് സൂപ്പർ താരം ചിരഞ്ജീവി. ചിത്രത്തിലെ അനായാസവും അസാധാരണവുമായ പ്രകടനത്തിലൂടെ നിരവധി അംഗീകാരങ്ങൾ ജയറാമിനെ തേടിയെത്തുമെന്ന് ചിരഞ്ജീവി ട്വീറ്റ് ചെയ്തു.
ജയറാമിന്റെ അഭിനയ ജീവിതത്തിലെ നാഴികക്കല്ലാണ് നമോയിലെ കുചേലൻ. ദ്വാപരയുഗത്തിലെ സുദാമാവായുള്ള പരകായ പ്രവേശം. ജയറാമിന്റെ അസാധാരണമായ പ്രകടനം കണ്ണും മനസ്സും നിറയ്ക്കുന്ന സ്വാഭാവികതയാണ്. പലപ്പോഴും അറിയാതെ വിതുമ്പി പോകുന്ന, ആത്മനിയന്ത്രണം നഷ്ടപ്പെടുന്ന പ്രകടനം. ഭക്തിഭാവത്തിന് ഭാഷയുടെ അതിർവരമ്പില്ലെന്ന് വ്യക്തമാക്കുന്നതാണ് സംസ്കൃത ചിത്രത്തിലെ ജയറാമിന്റെ പ്രകടനമെന്നും ചിരഞ്ജീവി അഭിപ്രായപ്പെട്ടു.
നിരവധി ദേശീയ- അന്തർദേശീയ പുരസ്കാരങ്ങൾ നേടിയ വിജീഷ് മണിയാണ് ‘നമോ‘ സംവിധാനം ചെയ്യുന്നത്. കൃഷ്ണഭക്തനും സതീർത്ഥ്യനുമായ കുചേലനായാണ ജയറാം ഈ ചിത്രത്തിൽ വേഷമിടുന്നത്. സിനിമയ്ക്കു വേണ്ടി ഒരു വർഷത്തോളമാണ് ജയറാം തയ്യാറെടുപ്പ് നടത്തിയത്. സുദാമാവാകാൻ വേണ്ടി ശരീരഭാരം കുറയ്ക്കുകയും തല മുണ്ഠനം ചെയ്യുകയും ചെയ്തു.
പത്മശ്രീ ഭജൻ സാമ്രാട്ട് അനൂപ് ജലോട്ട ഈണം നൽകിയ നമോ യിലെ ആദ്യ ഗാനം മോഹൻലാൽ അദ്ദേഹത്തിൻ്റെ ഫെയ്സ് ബുക്ക് പേജിലൂടെ മെയ് മുപ്പത്തി ഒന്നിന് റിലീസ് ചെയ്തിരുന്നു. അനശ്വര ചാരിറ്റബിൾ ട്രസ്റ്റ് നിർമ്മിക്കുന്ന ‘നമോ‘യുടെ ട്രെയിലറും ചിരഞ്ജീവി പങ്കു വെച്ചു.
Discussion about this post