സിനിമാ അരങ്ങേറ്റത്തിന്റെ തിരക്കുകൾക്കിടയിലും പിതാവും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ സി. ജോസഫ് വിജയനെക്കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവെച്ച് ജെയ്‌സൺ സംജയ്. തമിഴ് സിനിമയിലെ പ്രമുഖ സംവിധായകനും നടനുമായ വിജയ്യുടെ മകനായ ജെയ്‌സൺ സഞ്ജയ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘സിഗ്മ’യുടെ പ്രൊമോഷന്റെ ഭാഗമായി ഹൈദരാബാദിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
കുടുംബത്തിൽ അസ്വാരസ്യങ്ങളുണ്ടെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ നിലനിൽക്കുന്നതിനിടയിലും പിതാവിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് വളരെ മാന്യമായ മറുപടിയാണ് ജെയ്‌സൺ നൽകിയത്. വിജയ് മുഖ്യമന്ത്രിയായതിൽ തനിക്ക് അതിയായ സന്തോഷമുണ്ടെന്നും, അദ്ദേഹത്തിന്റെ ഏറ്റവും നല്ല സ്വഭാവമായ കൃത്യനിഷ്ഠയാണ് താൻ ജീവിതത്തിൽ പകർത്തിയിട്ടുള്ളതെന്നും ജെയ്‌സൺ പറഞ്ഞു. തന്റെ ആദ്യ സിനിമയ്ക്കായി പിതാവ് പ്രത്യേക സഹായങ്ങളൊന്നും ചെയ്തിട്ടില്ലെന്നും, സിനിമയുടെ പ്രൊമോഷനിൽ അദ്ദേഹം പങ്കാളിയാകില്ലെന്നും ജെയ്‌സൺ വ്യക്തമാക്കി.
മുഖ്യമന്ത്രിയെന്ന നിലയിൽ നിലവിൽ അദ്ദേഹത്തിന് വലിയ ഉത്തരവാദിത്തങ്ങളുണ്ടെന്നും, സിനിമയുടെ പ്രൊമോഷനും തന്റെ രാഷ്ട്രീയ പദവിയും തമ്മിൽ ഇടകലർത്താൻ താൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, സന്ദീപ് കിഷൻ നായകനാകുന്ന ‘സിഗ്മ’ ഒരു ഹൈസ്റ്റ് കോമഡി ചിത്രമായാണ് ഒരുക്കിയിരിക്കുന്നത്. ലൈക്ക പ്രൊഡക്ഷൻസിന്റെ നിർമ്മാണത്തിൽ ഒരുങ്ങുന്ന ചിത്രം ഒക്ടോബർ 2-ന് തമിഴ്, തെലുങ്ക് ഭാഷകളിൽ തിയേറ്ററുകളിലെത്തും.









