ധാക്ക: ബംഗ്ലാദേശുമായുള്ള നയതന്ത്രതല ചര്‍ച്ചയില്‍ സുപ്രധാന ചുവടുവയ്പ്പുമായി ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക നിര്‍ദേശ പ്രകാരം വിദേശകാര്യ സെക്രട്ടറി ഹര്ഷവര്ദ്ധന് ശൃംഗ്ല ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീനയുമായി കൂടിക്കാഴ്ച നടത്തി. കൊവിഡ് വ്യാപനത്തെ പ്രതിരോധിക്കുക, സമ്പദ്വ്യവസ്ഥ പുനരുജ്ജീവിപ്പിക്കുക തുടങ്ങി വിവിധ വിഷയങ്ങളില്‍ പരസ്പര സഹകരണവും അതോടൊപ്പം സുരക്ഷയും സംബന്ധിച്ച കാര്യങ്ങളാണ് ഇരു രാജ്യങ്ങളും ചര്‍ച്ച ചെയ്തത്.
ഡല്‍ഹിയുടെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായ ഒരു കാര്യത്തിനും ധാക്ക കക്ഷിയാകില്ലെന്നും ഇന്ത്യയെ ലക്ഷ്യമിട്ടുള്ള തീവ്രവാദികള്‍ക്കോ കലാപകാരികള്ക്കോ തങ്ങളുടെ പ്രദേശം ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്നും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന വ്യക്തമാക്കി.
ധാക്കയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറുടെയും ബംഗ്ലാദേശ് വിദേശകാര്യ സെക്രട്ടറിയുടെയും നേതൃത്വത്തില്‍ ഉന്നതതല പ്രോജക്ട് മോണിറ്ററിംഗ് കമ്മിറ്റി ഉടന്‍ രൂപീകരിക്കാന്‍ ഇരു രാജ്യങ്ങളും തീരുമാനിച്ചു. വിദേശകാര്യ മന്ത്രിമാരുടെ തലത്തില്‍ സംയുക്ത യോഗം ഉടന്‍ ഷെഡ്യൂള്‍ ചെയ്യും. ഉഭയകക്ഷി പദ്ധതികളെല്ലാം വേഗത്തിലാക്കാനാണ് ഇന്ത്യയും ബംഗ്ലാദേശും പദ്ധതിയിടുന്നത്.
ഷെയ്ഖ് മുജിബുര്‍ റഹ്മാന്റെ നൂറാം ജന്മവാര്ഷികവും ഇന്ത്യ-ബംഗ്ലാദേശ് ഉഭയകക്ഷി ബന്ധത്തിന്റെ 50 വര്‍ഷവും ആഘോഷിക്കുന്ന കാലയളവില്‍ സുപ്രധാനമായ ചുവടുവയ്പ്പാണ് നയതന്ത്ര തലത്തില്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ നടക്കുന്നത്. അയല്‍ക്കാരുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് നരേന്ദ്ര മോദി സ്വാതന്ത്ര്യദിനപ്രസംഗത്തില്‍ സംസാരിച്ചത് വിദേശകാര്യ സെക്രട്ടറി ഷെയ്ഖ് ഹസീനയെ ധരിപ്പിച്ചു.
കൊവിഡ് പൊട്ടിപ്പുറപ്പെട്ടതിനുശേഷം ഷെയ്ഖ് ഹസീന ചര്‍ച്ച നടത്തിയ ആദ്യത്തെ വിദേശ സന്ദര്‍ശകനാണ് ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറിയെന്നതും കൂടിക്കാഴ്ചയുടെ പ്രധാന്യം വര്‍ദ്ധിപ്പിക്കുന്നു. ഒന്നര മണിക്കൂറോളമാണ് കൂടിക്കാഴ്ച നീണ്ടത്. ന്യൂഡല്‍ഹിക്കും ധാക്കയ്ക്കും ഇടയില്‍ ഒരു എയര്‍ ബബിള്‍ ആരംഭിക്കുന്നതിനുള്ള സാദ്ധ്യതയും ഇരു രാജ്യങ്ങളും ചര്‍ച്ച ചെയ്തു.
ബംഗ്ലാദേശ് സൈനിക മേധാവി, അവാമി ലീഗ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി, മുതിര്‍ന്ന മന്ത്രിമാര്‍ എന്നിവരുമായും ഇന്ത്യ ചര്‍ച്ച നടത്തി. റോഹിംഗ്യന്‍ വിഷയത്തില്‍ അഭയാര്‍ഥികളെ മ്യാന്മറിലേക്ക് മടങ്ങാന്‍ ഇന്ത്യ സൗകര്യമൊരുക്കണമെന്ന് ഷെയ്ഖ് ഹസീന അഭ്യര്‍ത്ഥിച്ചു.
Discussion about this post