ഡൽഹി: ഇന്ത്യയുടെ കൊവാക്സിൻ ആദ്യഘട്ട പരീക്ഷണത്തില്‍ ഇതുവരെ പരീക്ഷിച്ചവരില്‍ പാര്‍ശ്വഫലങ്ങള്‍ ഒന്നും തന്നെ കണ്ടെത്തിയിട്ടില്ലെന്ന് കൊവാക്സിന് പരീക്ഷണത്തിന്റെ പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ആയ ഡോക്ടര്‍ ഇ വെങ്കട്ട റാവു. വാക്സിന്റെ ആദ്യഘട്ട പരീക്ഷണം ഇപ്പോഴും നടന്ന് കൊണ്ടിരിക്കുകയാണ്. ഉടനെ തന്നെ രണ്ടാം ഘട്ട പരീക്ഷണത്തിലേക്ക് കടക്കുമെന്ന് ഡോക്ടര്‍ ഇ വെങ്കട്ട റാവു വ്യക്തമാക്കി. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, എസ്യുഎം ആശുപത്രി എന്നിവിടങ്ങളിലായാണ് കൊവാക്സിന് പരീക്ഷണം നടന്ന് കൊണ്ടിരിക്കുന്നത്.
കൊവാക്സിന് കുത്തിവെച്ച വളണ്ടിയര്‍മാരുടെ രക്തത്തില്‍ എത്രമാത്രം ആന്റിബോഡികള്‍ ഉണ്ടായിട്ടുണ്ട് എന്നത് പരിശോധിക്കേണ്ടതുണ്ട്. ആദ്യഘട്ട പരീക്ഷണത്തില്‍ ഇതുവരെ കൊവാക്സിന് പരീക്ഷിച്ചവരില്‍ പാര്‍ശ്വഫലങ്ങള്‍ ഒന്നും തന്നെ കണ്ടെത്തിയിട്ടില്ലെന്നും ഡോ. വെങ്കട്ട റാവു പറഞ്ഞു. ഹൈദരാബാദ് ആസ്ഥാനമായിട്ടുളള ഭാരത് ബയോടെക് ആണ് കൊവാക്സിന് വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, എസ്യുഎം ആശുപത്രി അടക്കം 12 മെഡിക്കല്‍ കേന്ദ്രങ്ങളെ ആണ് കൊവാക്സിന് പരീക്ഷണത്തിനായി ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് തിരഞ്ഞെടുത്തിരിക്കുന്നത്.
വാക്സിനേഷന് മൂന്ന് മുതല്‍ 7 വരെ ദിവസങ്ങള്‍ക്ക് മുന്‍പ് നടത്തിയ പ്രത്യേക പരിശോധനകളിലൂടെ തിരഞ്ഞെടുത്ത വളണ്ടിയര്‍മാരില്‍ രണ്ട് ഡോസ് വീതം ആണ് കൊവാക്സിന് കുത്തി വെച്ചിരിക്കുന്നത്. പരീക്ഷണത്തിന്റെ ആദ്യത്തെ ദിവസത്തില്‍ ഒന്നാമത്തെ ഡോസ് നല്‍കുകയും രക്തസാമ്ബിളെടുക്കുകയും ചെയ്തു. 14 ദിവസങ്ങള്‍ക്ക് ശേഷം രണ്ടാമത്തെ വാക്സിന് ഡോസ് നല്‍കുകയും രക്ത സാമ്ബിള്‍ പരിശോധനയ്ക്കായി എടുക്കുകയും ചെയ്തുവെന്നും ഡോക്ടര്‍ റാവു വ്യക്തമാക്കി.
28, 42, 104, 194 ദിവസങ്ങളിലായാണ് വളണ്ടിയര്‍മാരില്‍ നിന്നും ഇനി രക്തസാമ്പിളുകള്‍ ശേഖരിക്കുക. എത്ര നാളത്തേക്ക് പ്രതിരോധം നിലനില്‍ക്കുന്നുണ്ട് എന്നത് കണ്ടെത്തുന്നതിന് വേണ്ടിയാണിത്. രാജ്യത്ത് ഇതുവരെ ഏഴോളം കൊവിഡ് വാക്സിന് പരീക്ഷണങ്ങള്‍ ആണ് നടന്ന് കൊണ്ടിരിക്കുന്നത്. ഇതില്‍ രണ്ടെണ്ണത്തിന് മാത്രമാണ് മനുഷ്യരില്‍ പരീക്ഷണം നടത്തി മുന്നോട്ട് പോകാനുളള അനുമതി ലഭിച്ചിട്ടുളളത്. ഈ വര്‍ഷം ദീപാവലിയോടെ കൊവിഡ് രാജ്യത്ത് നിയന്ത്രണ വിധേയമാകും എന്നാണ് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്ധന് പറയുന്നത്.
Discussion about this post