കൊച്ചി: ഒത്തു കളി ആരോപണത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ വിലക്ക് അവസാനിച്ചതോടെ കളിക്കളത്തിലേയ്ക്ക് വീണ്ടും വിദേശ ലീഗിലടക്കം കളിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയതായി ശ്രീശാന്ത്. ഇതിനുള്ള അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ശ്രീശാന്ത് പറഞ്ഞു.
വീണ്ടുമൊരു ലോകകപ്പ് എന്ന ആഗ്രഹവും മനസ്സില്‍ സൂക്ഷിക്കുന്നു. ഇതിനായി കഠിന പരിശീലനം നടത്തും. ടീമില്‍ എത്തുമോ എന്നത് ചിന്തിക്കുന്നില്ല. ഒരു ക്രിക്കറ്റര്‍ എന്ന നിലയില്‍ ഒരുങ്ങിയിരിക്കുകയാണ് താന്‍, അത്രമാത്രം. സിനിമയ്ക്കും രാഷ്ട്രീയത്തിനും ഒപ്പം ഫിറ്റ്നസ് നിലനിര്‍ത്താന്‍ ശ്രമിച്ചിരുന്നു. ഒരു തുടക്കകാരന്റെ ആവേശമാണിപ്പോള്‍. രണ്ടു ലോകകപ്പ് കളിച്ച താരം എന്ന നിലയിലല്ല ഇപ്പോള്‍ പരിശീലനം നടത്തുന്നത്. കേരള ടീമില്‍ എത്തുക എന്നത് വലിയ ആഗ്രഹമായി മാറിക്കഴിഞ്ഞുവെന്നും ശ്രീശാന്ത് വ്യക്തമാക്കി.
വീണ്ടും ക്രിക്കറ്റ് കളിക്കാമെന്ന സ്വപ്നം പുവണിഞ്ഞതോടെ വരും നാളുകളെ ശ്രീശാന്ത് കാണുന്നത് പ്രതീക്ഷയോടെയാണ്. വിദേശ ലീഗില്‍ കളിക്കുന്നതിനൊപ്പം രഞ്ജി ട്രോഫി അടക്കമുള്ള ആഭ്യന്തര ക്രിക്കറ്റിലും സജീവമാകുമെന്ന ശുഭപ്രതീക്ഷയുണ്ട്.
Discussion about this post