ഡൽഹി :ഹത്രാസ് സംഭവത്തിൽ ഇരയുടെ വീട്ടുകാരുടെ സമ്മതത്തോടെയാണ് മൃതദേഹം സംസ്ക്കരിച്ചതെന്ന് യുപി സർക്കാർ സുപ്രിംകോടതിയെ അറിയിച്ചു. കേസ് ഉന്നത ഏജൻസികൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാപര്യഹർജിയിലാണ് യുപി സർക്കാരിൻറെ സത്യവാങ്മൂലം.
ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ, ജസ്റ്റിസ് എ എസ് ബോപണ്ണ, ജസ്റ്റിസ് വി രാമസുബ്രഹ്മണ്യം എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ഡൽഹി നിവാസികളാണ് സത്യമ ദുബെ, വികാസ് താക്കറെ, രുദ്രപ്രതാപ് യാദവ്, സൗരഭ് യാദവ് എന്നിവരാണ് പൊതുതാൽപര്യ ഹരജി സമർപ്പിച്ചത്.
ഹാത്രസ് സംഭവത്തിൻറെ മറവിൽ യുപിയിൽ ചില സംഘടനകൾ കലാപത്തിന് പദ്ധതിയിട്ടതായും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ യുപി സർക്കാരിനെ അപകീർത്തിപ്പെടുത്താനുള്ള ഗൂഢാലോചന നടത്തിയെന്നും സർക്കാർ കോടതിയെ അറിയിച്ചു. കലാപം സംഘടിപ്പിക്കാൻ മന:പൂർവവും ആസൂത്രിതവുമായ ശ്രമങ്ങൾ നടക്കുന്നു.
ഫേസ്ബുക്ക്, ട്വിറ്റർ, വാട്ട്‌സ്ആപ്പ് എന്നീ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകൾ വഴിയാണ് കലാപത്തിന് ശ്രമം നടത്തുന്നത്. ഹത്രാസ് സംഭവത്തിൽ പോലീസ് നിയമപ്രകാരം ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്.പ്രദേശത്തെ സുരക്ഷിതമല്ലാത്ത സഹാചര്യം കാരണമാണ് , രാത്രിയിൽ അന്ത്യകർമ്മങ്ങൾ നടത്തേണ്ടി വന്നത്.
ചില രാഷ്ട്രീയ പാർട്ടികളും ഒരു വിഭാഗം മാധ്യമങ്ങളും ഇക്കാര്യത്തിന് സാമുദായിക, വംശീയ നിറം നൽകി കലാപത്തിന് കോപ്പുകൂട്ടി.
മെഡിക്കൽ റിപ്പോർട്ടിൽ പെൺകുട്ടി ബലാത്സംഗത്തിന് ഇരയായി എന്ന് പരാമർശമില്ല. സംഭവത്തിൽ സിബിഐ അന്വേഷണത്തിന് കോടതി നിർദേശം നൽകണമെന്ന് ഉത്തർപ്രദേശ് സർക്കാർ സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ഫേസ്ബുക്ക് ട്വിറ്റർ വാട്ട്‌സ്ആപ്പ് ലിങ്കുചെയ്‌തു ഹത്രാസ് കേസിനായി പ്രത്യേകം വെബ്‌സൈറ്റും നിർമ്മിച്ചതിനുശേഷമാണ് , വംശീയ അതിക്രമങ്ങൾ പ്രചരിപ്പിച്ചത്. ഇതിനു ലഭിച്ച ധനസഹായത്തിന്റെ വിശദാംശങ്ങളും പുറത്തുവന്നിട്ടുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചു.
സാമ്പത്തിക സഹായം എത്തിയ വഴികളെ സംബന്ധിച്ച് ഇഡി അന്വേഷണം നടത്തുന്നുണ്ട്. കൊല്ലപ്പെട്ട പെൺകുട്ടിയുടെ ഗ്രാമത്തിൽ എസ്‌ഐടി സംഘം എത്തിയിട്ടുണ്ട്. ഇത് അഞ്ചാം തവണയാണ് എസ്ഐടി ഗ്രാമത്തിലെത്തുന്നത്. മുഴുവൻ സംഭവവും എസ്‌ഐടി അന്വേഷിക്കുന്നുണ്ട്.








