തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണം അന്വേഷിക്കുന്ന സി.ബി.ഐ സംഘം ഡി.ആര്.ഐയില്‍ നിന്ന് 2019-ലെ സ്വര്‍ണക്കടത്തിനെ കുറിച്ചുളള വിവരങ്ങളും അന്വേഷിക്കും. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ ഡി.ആര്.ഐയില്‍ നിന്നും സി.ബി.ഐ വാങ്ങി. ബാലഭാസ്കറിന്റെ മാനേജറായ പ്രകാശന് തമ്പി, സുഹൃത്തായ വിഷ്ണു സോമസുന്ദരം എന്നിവരായിരുന്നു ഈ കേസിലെ പ്രതികള്‍. പലതവണ തിരുവനന്തപുരം വിമാനത്താവളം വഴി ഇവര്‍ സ്വര്‍ണം കടത്തിയിരുന്നു എന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു.
ബാലഭാസ്കറിന്റെ അപകട മരണത്തില്‍ സ്വര്‍ണക്കടത്ത് സംഘത്തിന് പങ്കുണ്ടെന്ന് അന്ന് ആരോപണം ഉയര്‍ന്നു. അപകടം നടന്നപ്പോള്‍ സ്ഥലത്തുണ്ടായിരുന്ന കലാഭവന്‍ സോബി ഇവിടെ സ്വര്‍ണക്കടത്ത് കേസ് പ്രതികളെ കണ്ടതായി അന്വേഷണ സംഘത്തിന് മൊഴി നല്‍കുകയും ചെയ്തിരുന്നു.
2019 മേയ് 13നാണ് 25 കിലോ സ്വര്‍ണവുമായി പ്രകാശന് തമ്പിയും വിഷ്ണു സോമസുന്ദരവും പിടിയിലായത്. 2018 സെപ്തംബര്‍ 25ന് പളളിപ്പുറത്ത് വച്ചായിരുന്നു ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ടത്. സംഭവത്തെ തുടര്‍ന്ന് ബാലഭാസ്കറും മകളും മരണമടഞ്ഞു. ഭാര്യയ്ക്കും ഡ്രൈവര്‍ക്കും ഗുരുതര പരുക്കുകളുമുണ്ടായി.
Discussion about this post