തിരുവനന്തപുരം: കണ്‍സ്യൂമര്‍ ഫെഡ് എം ഡി മാറ്റത്തെച്ചൊല്ലി തര്‍ക്കം മുറുകുന്നു. തച്ചങ്കരി ഇപ്പോഴും കണ്‍സ്യൂമര്‍ ഫെഡ് എം ഡി തന്നെയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തച്ചങ്കരിയെ എംഡി സ്ഥാനത്തുനിന്നു നീക്കാനാവശ്യപ്പെട്ട ഉത്തരവില്‍ താന്‍ ഒപ്പിട്ടിട്ടില്ല എന്നും മുഖ്യമന്ത്രി അറിയിച്ചു. ചീഫ് സെക്രട്ടറി കുറിപ്പെഴുതിയത് മന്ത്രിസഭ തീരുമാനം എടുക്കാതെയാണെന്നും അദ്ദേഹം അറിയിച്ചു. ഉടന്‍ തന്നെ ചീഫ് സെക്രട്ടറിയെ വിളിച്ച് മുഖ്യമന്ത്രി അതൃപ്തി അറിയിക്കുകയും ചെയ്തു. ഇതിന്റെ തീരുമാനം അടുത്ത മന്ത്രിസഭായോഗത്തില്‍ തീരുമാനിയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ കണ്‍സ്യൂമര്‍ ഫെഡ് എം ഡി സ്ഥാനത്തു നിന്നും ടോമിന് തച്ചങ്കരിയെ മാറ്റിയതായി സഹകരണ മന്ത്രി സി എന്‍ ബാലകൃഷ്ണന് അറിയിച്ചു. ഈ ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പിടേണ്ട കാര്യമില്ല എന്നും അദ്ദേഹം പറഞ്ഞു. ഈ നടപടി സാധാരണമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇതേ സമയം, കണ്‍സ്യൂമര്‍ ഫെഡ് എംഡി സ്ഥാനത്തുനിന്നു നീക്കിയെന്ന വിവരം അറിഞ്ഞപ്പേള് വിഷമമുണ്ടായെന്നു ടോമിന് തച്ചങ്കരി അറിയിച്ചു. ക്രമക്കേടുകള്‍ മേലധികാരികള്‍ക്കു റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, ഇതു സംബന്ധിച്ച് പുറത്തുപറയുന്നതിനു പരിമിതികളുണ്ടെന്നും തച്ചങ്കരി പറഞ്ഞു. തനിക്ക് ഇതുവരെ ഇതിനെക്കുറിച്ച് അറിയിപ്പ് ലഭിച്ചിട്ടില്ല. ഇത് സംബന്ധിച്ച വിവാദങ്ങളോട് പ്രതികരിയ്ക്കാന്‍ താനില്ല എന്നും തച്ചങ്കരി അറിയിച്ചു.
കണ്‍സ്യൂമര്‍ ഫെഡ് എം ഡി സ്ഥാനത്തു നിന്നും ടോമിന് തച്ചങ്കരിയെ മാറ്റിയെന്നറിഞ്ഞ് കണ്‍സ്യൂമര്‍ ഫെഡ് ജീവനക്കാര്‍ പ്രതിഷേധിച്ചു. എറണാകുളം മേഖല ഓഫീസ് ജീവനക്കാരാണ് പ്രകടനം നടത്തിയത്.
കണ്‍സ്യൂമര്‍ഫെഡില്‍ നിന്നും നീക്കിയ തച്ചങ്കരിയെ കെ.ബി.പി.എസിന്റെ എം.ഡിയായി സര്‍ക്കാര്‍ മാറ്റി നിയമിക്കുകയായിരുന്നു. അതേസമയം, മാര്‍ക്കറ്റ് ഫെഡിന്റെ അധിക ചുമതലയും തച്ചങ്കരി വഹിക്കുമെന്നും അറിയിച്ചിരുന്നു.. റബര്‍ മാര്‍ക്കറ്റിംഗ് ഫെഡറേഷന് എം.ഡി എസ്. രത്നകുമാറിനാണ് കണ്‍സ്യൂമര്‍ ഫെഡിന്റെ അധിക ചുമതല നല്‍കിയിരിക്കുന്നത്.
തച്ചങ്കരിയെ കണ്‍സ്യൂമര്‍ഫെഡ് എം.ഡി. സ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് സഹകരണമന്ത്രി സി.എന്‍.ബാലകൃഷ്ണന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കത്ത് നല്‍കിയിരുന്നു. ഡയറക്ടര്‍ ബോര്‍ഡ് തീരുമാനങ്ങള്‍ അനുസരിക്കുന്നില്ലെന്ന കാരണത്താലാണിതെന്നാണ് അറിയിച്ചത്. ഈയാവശ്യത്തെ മറ്റുചില മന്ത്രിമാരും അനുകൂലിച്ചു.
കണ്‍സ്യൂമര്‍ഫെഡ് ഡയറക്ടര്‍ബോര്‍ഡും എം.ഡി.യും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുകയായിരുന്നു. ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ഏതാനും പേരെ സസ്പെന്‍ഡ് ചെയ്യണമെന്ന എം.ഡി.യുടെ ആവശ്യമാണ് തര്‍ക്കങ്ങള്‍ക്ക് കാരണമായത്.
പാഠപുസ്തക അച്ചടിയുടെ രണ്ടാംഘട്ടവും വൈകുന്നതിനിടെയാണ് ടോമിന് ജെ.തച്ചങ്കരിയെ കെ.ബി.പി.എസ്സിന്റെ തലപ്പത്ത് നിയമിക്കുന്നത്. ക്രിസ്മസ് പരീക്ഷയ്ക്കുമുന്‍പ് ഒന്നേകാല്‍ക്കോടി പുസ്തകങ്ങള്‍ അച്ചടിക്കാനുള്ളതില് 18 ലക്ഷം മാത്രമേ ഇതുവരെ അച്ചടിച്ചിട്ടുള്ളൂ. അതേസമയം, കെ.ബി.പി.എസ്. വഴിയുള്ള പാഠപുസ്തക അച്ചടി നവംബര്‍ 1ന് മുമ്പ് പൂര്‍ത്തിയാക്കുമെന്ന് മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. നവംബര്‍ 1ന് മുമ്പ് പുസ്തകം വിതരണം ചെയ്യണമെന്നാണ് കരാറെന്നും അദ്ദേഹം പറഞ്ഞു.
തച്ചങ്കരിയെ എം.ഡി.യായി നിയമിക്കുന്നതിനോട് മന്ത്രിസഭായോഗത്തില്‍ ആദ്യം മന്ത്രി കെ.പി.മോഹനന് വിയോജിച്ചെങ്കിലും മുഖ്യമന്ത്രി നിലപാട് കടുപ്പിച്ചപ്പോള്‍ വഴങ്ങുകയായിരുന്നു. തച്ചങ്കരിയെ കണ്‍സ്യൂമര്‍ഫെഡിന്റെ ചുമതലയില്‍നിന്ന് ഒഴിവാക്കണമെന്ന സഹകരണമന്ത്രി സി.എന്‍.ബാലകൃഷ്ണന്റെ ആവശ്യവും ആദ്യം അംഗീകരിച്ചില്ല. എന്നാല്‍, മന്ത്രിസഭായോഗത്തിനൊടുവില്‍ തച്ചങ്കരിയെ മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു. രണ്ടാഴ്ച മുമ്പ് കേരള ബുക്സ് ആന്‍ഡ് പബ്ലിക്കേഷന്‍ സൊസൈറ്റി എം.ഡി.യായി ആശ തോമസിനെ നിയമിച്ചെങ്കിലും അവര്‍ ചുമതലയേറ്റിരുന്നില്ല. ഐ.എന്‍.ടി.യു.സി. സംസ്ഥാന പ്രസിഡന്റ് ആര്.ചന്ദ്രശേഖരന്റെ മകന് രാഹുലിനെ എം.ഡി.യാക്കാന്‍ ആലോചന നടന്നെങ്കിലും ആരോപണങ്ങളെത്തുടര്‍ന്ന് അത് ഉപേക്ഷിച്ചിരുന്നു.
Discussion about this post