ബ്രസീലിയ: ചെെനയുടെ കൊവിഡിനെതിരായ വാക്സിൻ വാങ്ങില്ലെന്ന് വ്യക്തമാക്കി ബ്രസീൽ പ്രസിഡന്റ് ജെയർ ബോൾസോനാരോ. രോഗപ്രതിരോധ പദ്ധതിയുടെ ഭാഗമായി ചെെന നിർമിച്ച സിനോവാക് എന്ന കൊവിഡ് വാക്സിൻ വാങ്ങുമെന്ന് ആരോഗ്യമന്ത്രി എഡ്വേർഡോ പസുവെല്ലോ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ബോൾസോനാരോയുടെ വെളിപ്പെടുത്തൽ.
“ഉറപ്പായും ഞങ്ങൾ ചൈനീസ് വാക്സിൻ വാങ്ങില്ല,” ചെെനയിൽ നിന്നും വാക്സിൻ വാങ്ങരുതെന്ന് ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ കമന്റ് ചെയ്ത ആൾക്ക് മറുപടിയായാണ് ബോൾസോനാരോ ഇങ്ങനെ പറഞ്ഞത്.
രോഗ പ്രതിരോധത്തിന്റെ ഭാഗമായി ചെെനയുടെ കൊവിഡ് വാക്സിനായ സിനോവാക് വാങ്ങുമെന്ന് കഴിഞ്ഞ ദിവസമാണ് സംസ്ഥാന ഗവർണർമാരുമായി നടത്തിയ ചർച്ചയിൽ ആരോഗ്യമന്ത്രി എഡ്വേർഡോ പസുവെല്ലോ പറഞ്ഞിരുന്നത്. ആസ്ട്രാസെനെക്കയും ഓക്സ്ഫോർഡ് സർവകലാശാലയും വികസിപ്പിച്ചെടുത്ത വാക്സിനും ഇതിന്റെ ഭാഗമായി ബ്രസീൽ വാങ്ങുന്നുണ്ട്. 9,000 സന്നദ്ധപ്രവർത്തകരിൽ നടത്തിയ ക്ലിനിക്കൽ പരീക്ഷണങ്ങളിൽ നിന്നുള്ള പ്രാഥമിക ഫലങ്ങൾ സൂചിപ്പിക്കുന്നത് സിനോവാക് വാക്സിൻ സുരക്ഷിതമാണെന്നാണ്. പരീക്ഷണങ്ങൾ പൂർത്തിയാകുന്നതുവരെ വാക്സിന്റെ മറ്റുവിവരങ്ങൾ പുറത്തുവിടില്ലെന്ന് ബ്യൂട്ടന്റൻ ഡയറക്ടർ ഡിമാസ് കോവാസ് പറഞ്ഞു.
Discussion about this post