ജമ്മു : ജമ്മുകശ്മീരിൽ ചൈനീസ് നിർമ്മിത പാക് ക്വാഡ്കോപ്റ്റർ വെടിവെച്ചിട്ട് ഇന്ത്യൻ സൈന്യം. ജമ്മുകശ്മീരിലെ നിയന്ത്രണരേഖയ്ക്ക് സമീപമുള്ള കേരൻ ഭാഗത്തു വെച്ചാണ് ഇന്ന് രാവിലെ 8 മണിയോടെ പാകിസ്ഥാൻ സൈന്യത്തിന്റെ ക്വാഡ്കോപ്റ്റർ ഇന്ത്യ വെടിവെച്ചിട്ടത്. 4 റോട്ടർ ബ്ലേഡുകളാൽ ഉയരുന്ന മൾട്ടികോപ്പ്റ്റർ ഹെലികോപ്റ്ററാണ് ക്വാഡ്കോപ്റ്ററുകൾ അഥവാ ഡ്രോണുകൾ.
ഡിജെഐ മാവിക് 2 പ്രൊ മോഡൽ ക്വാഡ്കോപ്റ്ററാണ് സുരക്ഷാ സേനാ വെടിവെച്ചിട്ടത്. ഈ പാക് ക്വാഡ്കോപ്റ്റർ നിർമിച്ചിരിക്കുന്നത് ചൈനീസ് കമ്പനിയായ ഡിജെഐയാണ്. പാക് സൈന്യം നിരന്തരമായി തീവ്രവാദികളെ ഇന്ത്യൻ അതിർത്തിയിലേക്കെത്തിക്കാൻ ശ്രമിക്കുന്നതുകൊണ്ട് തന്നെ ലൈൻ ഓഫ് കൺട്രോളിൽ ഇന്ത്യൻ സൈനികർ കനത്ത ജാഗ്രത പുലർത്തിയിരുന്നു. മാത്രമല്ല, പാകിസ്ഥാന്റെ അതിർത്തി സംരക്ഷണ സേനയും അതിർത്തിയിൽ പ്രകോപനം തുടരുകയാണ്.
അതേസമയം, തീവ്രവാദികളെ ഇന്ത്യൻ അതിർത്തിയിലേക്കെത്തിക്കാൻ പാകിസ്ഥാൻ ശ്രമം തുടരുകയാണെന്നും തുടർച്ചയായി ആ ശ്രമങ്ങളെല്ലാം ഇന്ത്യൻ സൈന്യം പരാജയപ്പെടുത്തുന്നുണ്ടെന്നും വ്യക്തമാക്കി ഇന്ത്യൻ സൈനിക മേധാവി എംഎം നരവനെ രംഗത്തു വന്നിരുന്നു.
Discussion about this post