ന്യൂഡൽഹി : ഗാൽവൻ വാലിയിൽ ചൈനയുടെ പ്രകോപനം തുടരുന്ന സാഹചര്യത്തിൽ, അതിർത്തിയിൽ 47 പുതിയ ബോർഡർ ഔട്ട്പോസ്റ്റുകൾ സ്ഥാപിക്കാൻ അനുമതി നൽകി കേന്ദ്രം. ഇന്തോ-ടിബറ്റൻ ബോർഡർ പോലീസിന്റെ (ഐടിബിപി) ഔട്ട്പോസ്റ്റുകൾ സ്ഥാപിക്കാനാണ് കേന്ദ്രം അനുമതി നൽകിയിട്ടുള്ളത്. ഇക്കാര്യം പുറത്തുവിട്ടത് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷൻ റെഡ്ഢിയാണ്. ഗ്രേറ്റർ നോയ്ഡയിൽ ഐടിബിപിയുടെ 59-ാ൦ സ്ഥാപകദിനത്തോടനുബന്ധിച്ച് നടന്ന ആഘോഷപരിപാടിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ഏഴ് സെൻട്രൽ ആർമ്ഡ് പോലീസ് ഫോഴ്സുകളിലൊന്നായ ഐടിബിപിക്കാണ് 3,488 കിലോമീറ്റർ നീണ്ടുകിടക്കുന്ന ഇന്ത്യ-ചൈന അതിർത്തി സംരക്ഷിക്കാനുള്ള ചുമതലയെന്ന് അദ്ദേഹം പറഞ്ഞു. 7,223 കോടി രൂപ ചിലവിട്ട് 28 തരത്തിലുള്ള വാഹനങ്ങൾ ഇന്തോ-ടിബറ്റൻ ബോർഡർ പോലീസിന് അനുവദിക്കുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു. “ഇന്ത്യൻ സംസ്കാരം നമ്മെ പഠിപ്പിച്ചിട്ടുള്ള ‘വസുദൈവ കുടുംബകം’ എന്ന തത്വം വിരൽ ചൂണ്ടുന്നത് ലോകസമാധാനമെന്ന സന്ദേശത്തിലേക്കാണ്.
അതേസമയം, ശത്രു സൃഷ്ട്ടിക്കുന്ന പ്രതികൂല സാഹചര്യങ്ങൾക്കെതിരെ പൊരുതാൻ പ്രാപ്തരായിരിക്കുന്നതും ഇന്ത്യൻ സംസ്കാരത്തിന്റെ ഭാഗമാണ്”-കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷൻ റെഡ്ഢി കൂട്ടിച്ചേർത്തു.
Discussion about this post