ഡൽഹി: പതിവു പോലെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇക്കുറിയും ദീപാവലി ആഘോഷിക്കുക അതിർത്തിയിലെ സൈനികർക്കൊപ്പം. എന്നാൽ, ഇക്കുറി ഐതിഹാസികമായ ചരിത്രമുറങ്ങുന്ന രാജസ്ഥാനിലെ ലോംഗേവാലയിലായിരിക്കും പ്രധാനമന്ത്രി ദീപാവലി ആഘോഷിക്കുക.
1971-ലെ ഇന്ത്യ-പാക് യുദ്ധത്തിന്റെ രക്തം മണക്കുന്ന കഥകൾ പറയാനുണ്ട് ഈ അതിർത്തിക്ക്. 1971 ഡിസംബർ നാലാം തീയതി രാത്രി, അപ്രതീക്ഷിതമായി പാകിസ്ഥാൻ സൈന്യത്തിന്റെ ആക്രമണം ഉണ്ടാകുമെന്ന മുന്നറിയിപ്പ് ലഭിച്ചു. സഹായവുമായി സൈന്യം എത്തിച്ചേരുന്നതു വരെ പിന്നോക്കം മാറാനായിരുന്നു അതിർത്തിയിലുള്ള പഞ്ചാബ് റെജിമെന്റിലെ ഇന്ത്യൻ സൈനികർക്ക് ലഭിച്ച നിർദ്ദേശം.
എന്നാൽ, മേജർ കുൽദീപ് സിംഗ് ചന്ദ്പുരിയെന്ന സിംഹമായിരുന്നു 23 പഞ്ചാബ് റെജിമെന്റ് നയിച്ചിരുന്നത്. പിൻമാറ്റം എന്നത് ആലോചിക്കാൻ പോലും സാധിക്കാത്ത ആ സിഖ് യുദ്ധവീരൻ പ്രഖ്യാപിച്ചു.” ഞാൻ പിന്മാറില്ല.. എന്റെ സേനയും”. അങ്ങനെ, പുലർച്ചെ റീഎൻഫോഴ്സ്മെന്റ് എത്തുന്നതു വരെ കുൽദീപ് സിംഗും അദ്ദേഹത്തിന്റെ സൈന്യവും രാത്രി മുഴുവൻ പൊരുതി നിന്നു. 2,000 സൈനികരും 40 പീരങ്കികളും ഉള്ള കൂറ്റൻ സൈന്യത്തെ നെഞ്ചുവിരിച്ചു നിന്ന നേരിട്ടത് മിടുക്കരായ 120 ഇന്ത്യൻ പട്ടാളക്കാരടങ്ങുന്ന ആ കൊച്ചു സൈന്യമായിരുന്നു. ഒടുവിൽ, പുലർച്ചെ ഇന്ത്യൻ എയർ ഫോഴ്സ് എത്തുന്നതു വരെ ഒരടി മണ്ണ് പോലും ആ മിടുക്കന്മാർ വിട്ടുകൊടുത്തില്ല. പാകിസ്ഥാനിലെ 36 പീരങ്കികൾ ഇന്ത്യൻ സേന തകർത്തു തരിപ്പണമാക്കി.
ആ ധീരതയ്ക്ക് രാജ്യം കുൽദീപ് സിംഗിനെ മഹാവീർ ചക്ര നൽകി ആദരിച്ചു. പ്രശസ്തമായ ബോളിവുഡ് ചലച്ചിത്രം ബോർഡർ, ഈ സംഭവത്തെ ആസ്പദമാക്കി നിർമ്മിച്ചതാണ്. സ്ഥാനമേറ്റത് മുതൽ ഓരോ ദീപാവലിയും സൈനികർക്കൊപ്പം ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി, ധീരന്മാർ നെഞ്ചുറപ്പിച്ചു നിന്ന ലോംഗേവാലയിലെ പോരാട്ട ഭൂമിയാണ് ഇക്കുറി ആഘോഷത്തിനായി തിരഞ്ഞെടുത്തത്. കരസേനാ മേധാവി എം.എം നരവനെ, സംയുക്ത സേന മേധാവി ബിപിൻ റാവത്ത് എന്നിവരും പ്രധാനമന്ത്രിയെ അനുഗമിക്കുന്നുണ്ട്.
Discussion about this post