ന്യൂയോർക്ക്: ദീപാവലിയാഘോഷങ്ങളുടെ ഭാഗമായി ഓറഞ്ച് നിറത്തിലണിഞ്ഞൊരുങ്ങി അമേരിക്കയിലെ ന്യൂയോർക്ക് നഗരത്തിലുള്ള എംപയർ സ്റ്റേറ്റ് ബിൽഡിംഗ്. ന്യൂയോർക്ക് ഏവർക്കും ദീപാവലി ആശംസകൾ നേരുകയാണെന്നും ഓറഞ്ച് ലൈറ്റുകൾ തെളിയിച്ച് ഇന്ത്യക്കൊപ്പം ഞങ്ങളും ദീപാവലിയാഘോഷിക്കുകയാണെന്നും എംപയർ സ്റ്റേറ്റ് ബിൽഡിംഗ് അധികൃതർ ട്വീറ്റ് ചെയ്തു.
ന്യൂയോർക്ക്, ന്യൂജേഴ്സി, കണക്റ്റിക്കട്ട് എന്നീ മൂന്ന് നഗരങ്ങളിലും സജീവമായി പ്രവർത്തിക്കുന്ന ദി ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷന്റെ നേതൃത്വത്തിൽ ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി അമേരിക്കയിൽ വ്യത്യസ്ത പരിപാടികളും സംഘടിപ്പിച്ചിരുന്നു. ‘ദീപാവലി സൂപ്പ് ആന്റ് കിച്ചൻ’ എന്ന ആശയത്തിലൂടെ സംഘടന ന്യൂയോർക്കിലെ പതിനായിരത്തിലധികം പേർക്കാണ് ഭക്ഷണം വിളമ്പിയത്.
ദി ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷന്റെ ചെയർമാൻ അങ്കുർ വൈദ്യയുടെതാണ് ‘ദീപാവലി സൂപ്പ് ആന്റ് കിച്ചൻ’ എന്ന ആശയം. സംഘടനയുടെ ഈ ആശയത്തെ അഭിനന്ദിച്ചു കൊണ്ട് ന്യൂയോർക്കിലുള്ള ഇന്ത്യയുടെ കോൺസൽ ജനറൽ രന്ദിർ ജയ്‌സ്വാളും രംഗത്തു വന്നിരുന്നു.









