നവരാത്രി ആഘോഷങ്ങളുടെ മൂന്നാം ദിനത്തിൽ രാജ്യത്തിന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കുവെച്ച ഭക്തിഗാനം ശ്രദ്ധേയമാകുന്നു. നവരാത്രിയുടെ ഭാഗമായി ധൈര്യത്തിന്റെയും സമാധാനത്തിന്റെയും ദിവ്യശക്തിയുടെയും പ്രതീകമായ ചന്ദ്രഘണ്ഡാ ദേവിയെ തൊഴുതു വണങ്ങുന്നുവെന്ന് പ്രധാനമന്ത്രി തന്റെ എക്സ് അക്കൗണ്ടിൽ കുറിച്ചു. ദേവിയുടെ അനുഗ്രഹത്താൽ രാജ്യത്തെ എല്ലാ ജനങ്ങളുടെയും ജീവിതത്തിൽ സുഖവും സൗഭാഗ്യവും വിജയവും ഐശ്വര്യവും എപ്പോഴും നിറഞ്ഞുനിൽക്കട്ടെയെന്നും അദ്ദേഹം പ്രാർത്ഥിച്ചു. ഈ പ്രത്യേക സന്ദേശത്തോടൊപ്പമാണ് മലയാളത്തിലെ പ്രശസ്തമായ ചോറ്റാനിക്കര ഭഗവതിയുടെ ഭക്തിഗാനത്തിന്റെ ലിങ്ക് അദ്ദേഹം പങ്കുവെച്ചത്.
പ്രധാനമന്ത്രി പങ്കുവെച്ച ഗാനം 1976-ൽ പുറത്തിറങ്ങിയ ‘ചോറ്റാനിക്കര ഭഗവതി’ എന്ന മലയാള സിനിമയിലേതാണ്. പ്രശസ്ത ഗാനരചയിതാവ് ഭരണിക്കാവ് ശിവകുമാർ എഴുതിയ ഈ ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് ആർ. കെ. ശേഖറാണ്. പ്രശസ്ത സംഗീത സംവിധായകൻ എ. ആർ. റഹ്മാന്റെ പിതാവാണ് ആർ. കെ. ശേഖർ. ഗാനഗന്ധർവ്വൻ കെ. ജെ. യേശുദാസ് ഹൃദ്യമായി ആലപിച്ച ഈ ഗാനം വർഷങ്ങളായി മലയാളി ഭക്തരുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ ഒന്നാണ്. ക്രോസ് ബെൽറ്റ് മണി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ശ്രീവിദ്യ, കവിയൂർ പൊന്നമ്മ, അടൂർ ഭാസി തുടങ്ങി മലയാളത്തിലെ വലിയ താരനിര തന്നെ അണിനിരന്നിരുന്നു.
കേരളത്തിലെ പ്രസിദ്ധമായ ചോറ്റാനിക്കര ക്ഷേത്രത്തിലെ ഭഗവതിയെ വാഴ്ത്തുന്ന ഈ ഭക്തിഗാനം പങ്കുവെച്ചതിലൂടെ ദക്ഷിണേന്ത്യൻ സംസ്കാരത്തോടുള്ള ആദരവ് കൂടിയാണ് പ്രധാനമന്ത്രി വ്യക്തമാക്കിയത്. നവരാത്രിയുടെ പവിത്രമായ ദിനത്തിൽ ഒരു മലയാളം ഭക്തിഗാനം പ്രധാനമന്ത്രി തന്നെ ഔദ്യോഗികമായി പങ്കുവെച്ചത് മലയാളി സമൂഹത്തിൽ വലിയ സന്തോഷത്തിനും ആവേശത്തിനും കാരണമായിട്ടുണ്ട്.












