ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിലെ (ജെ.എൻ.യു) വിദ്യാർത്ഥിനികൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കോൺഗ്രസ് ലോക്സഭാ എംപിയും മുൻ പ്രൊഫസറുമായ ബിമൽ അകോയിജത്തിനെതിരെ കാമ്പസിൽ വൻ പ്രതിഷേധം. എം.പിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിന്റെ (എ.ബി.വി.പി) നേതൃത്വത്തിൽ നൂറുകണക്കിന് വിദ്യാർത്ഥികൾ യൂണിവേഴ്സിറ്റിക്ക് ഉള്ളിൽ വലിയ പ്രകടനവും മാർച്ചും നടത്തി. വിദ്യാർത്ഥിനികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ട അധികൃതരുടെ നിലപാടിൽ പ്രതിഷേധിച്ചും പ്രതിപക്ഷ നേതാവിന്റെ മൗനത്തെ ചോദ്യം ചെയ്തുമാണ് വിദ്യാർത്ഥികൾ പ്രതിഷേധം നടത്തിയത്.
യൂണിവേഴ്സിറ്റിയിലെ പതിനൊന്നോളം വിദ്യാർത്ഥിനികൾ നൽകിയ പരാതികളുടെ അടിസ്ഥാനത്തിൽ ഡൽഹി പൊലീസ് ഇതിനോടകം എംപിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും ചോദ്യം ചെയ്യലിനായി സമൻസ് അയക്കുകയും ചെയ്തിട്ടുണ്ട്. പഠന ആവശ്യങ്ങൾക്കായി കാമ്പസിലെ വസതിയിലേക്ക് വിളിച്ചുവരുത്തി അപമാനിക്കാൻ ശ്രമിച്ചുവെന്നാണ് പരാതികളിൽ പ്രധാനമായും ഉള്ളത്. ജെ.എൻ.യുവിലെ ആഭ്യന്തര അന്വേഷണ സമിതി ഇദ്ദേഹം കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് സർവ്വകലാശാല സേവനത്തിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് കർശന നടപടി ആവശ്യപ്പെട്ട് എ.ബി.വി.പിയുടെ നേതൃത്വത്തിൽ പ്രതിഷേധം ശക്തമായത്.
ബിമൽ അകോയിജത്തിനെതിരെ ഉയർന്ന ഗുരുതരമായ ആരോപണങ്ങൾ ജനാധിപത്യ സമൂഹത്തിന് അപമാനമാണെന്ന് എ.ബി.വി.പി നേതാക്കൾ ആരോപിച്ചു. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് എംപി അന്വേഷണത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയാണെന്നും പൊലീസ് ഇദ്ദേഹത്തെ എത്രയും പെട്ടെന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും അവർ ആവശ്യപ്പെട്ടു. വിഷയത്തിൽ കോൺഗ്രസ് നേതൃത്വം കൃത്യമായ മറുപടി നൽകണമെന്നും വിദ്യാർത്ഥി സംഘടനകൾ ആവശ്യപ്പെടുന്നുണ്ട്. കാമ്പസിലെ സംഘർഷാവസ്ഥ കണക്കിലെടുത്ത് വൻ പൊലീസ് സന്നാഹത്തെയും സുരക്ഷാ ഉദ്യോഗസ്ഥരെയും ജെ.എൻ.യുവിന് ചുറ്റും വിന്യസിച്ചിട്ടുണ്ട്.








