ന്യൂഡൽഹി : ഫൈവ് സ്റ്റാർ സംസ്കാരം ഉപേക്ഷിക്കാതെ കോൺഗ്രസ് പാർട്ടിക്ക് രക്ഷയില്ലെന്ന് മുതിർന്ന പാർട്ടി നേതാവ് ഗുലാം നബി ആസാദ്. നേതാക്കൾക്ക് താഴെ തട്ടിലെ ബന്ധങ്ങൾ നഷ്ടപ്പെട്ടുവെന്നും തെരഞ്ഞെടുക്കപ്പെട്ടവർ നേതൃത്വത്തിൽ വരണമെന്നും ഗുലാം നബി ആസാദ് പറഞ്ഞു.
വാർത്ത ഏജൻസിയായ എഎൻഐക്കു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ” കോൺഗ്രസ് നേതാക്കൾക്ക് വഴിയിലിറങ്ങി നടക്കാൻ പോലും ബുദ്ധിമുട്ടാണ്. മത്സരിക്കാൻ ടിക്കറ്റ് കിട്ടിയാൽ നേതാക്കൾ ആദ്യം ചെയ്യുക ഫൈവ് സ്റ്റാർ ഹോട്ടൽ ബുക്ക് ചെയ്യുകയാണ്”- അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ പാർട്ടിക്കെതിരെ വിമർശനമുന്നയിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബലും രംഗത്തുവന്നിരുന്നു. പാർട്ടി ദുർബലമായെന്ന് അംഗീകരിക്കണമെന്നും കോൺഗ്രസ് ബിജെപിക്ക് ബദലല്ലാതായെന്നുമാണ് ഒരഭിമുഖത്തിൽ കപിൽ സിബൽ പറഞ്ഞത്.
Discussion about this post