മുംബൈ: കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ടവർക്ക് സഹായഹസ്തവുമായി സിനിമാതാരം സോനൂ സൂദ്. ജോലി നഷ്ടപ്പെട്ടവർക്ക് ഇ-റിക്ഷകൾ സമ്മാനിക്കാൻ തീരുമാനിച്ചിരിക്കുകയാണ് താരം.
കഴിഞ്ഞ കുറച്ച് മാസങ്ങളായി ആളുകളിൽ നിന്നും വളരെയധികം സ്നേഹവും പിന്തുണയും ലഭിച്ചുവെന്നും അതാണ് പുതിയ സംരഭത്തിലേക്ക് തന്നെ നയിച്ചതെന്നും സോനു സൂദ് മാധ്യമങ്ങളോട് പറഞ്ഞു. “അവശ്യ സാധനങ്ങൾ വിതരണം ചെയ്യുന്നതിനേക്കാൾ പ്രധാനമാണ് തൊഴിലവസരങ്ങൾ നൽകുന്നതെന്നാണ് ഞാൻ കരുതുന്നത്. ഈ പ്രവർത്തിയിലൂടെ അവർക്ക് സ്വന്തം കാലിൽ നിൽക്കാൻ കഴിയുമെന്ന് എനിക്കുറപ്പുണ്ട്”-സോനു കൂട്ടിച്ചേർത്തു.
കോവിഡ് കാലത്തെ താരത്തിന്റെ ഇടപെടൽ നേരത്തെയും ഒരുപാട് പ്രശംസകൾ നേടിയിരുന്നു. ലോക്ഡൗൺ മൂലം കുടുങ്ങിപ്പോയ നിരവധി കുടിയേറ്റ തൊഴിലാളികളെയാണ് സോനു സൂദ് ഇതിനോടകം നാട്ടിലെത്തിച്ചത്. മഹാരാഷ്ട്രയിലെ തന്റെ ആറു നിലയുള്ള ആഡംബര ഹോട്ടൽ ആരോഗ്യ പ്രവർത്തകർക്ക് താമസിക്കുന്നതിനായി സോനു വിട്ടുനൽകിയതും വലിയ വാർത്തയായിരുന്നു. സോനു സൂദിന്റെ പ്രവർത്തനങ്ങൾക്ക് എസ്ഡിജി സ്പെഷ്യൽ ഹ്യുമനറ്റേറിയൻ ആക്ഷൻ അവാർഡ് നൽകി ഐക്യരാഷ്ട്ര സഭ ആദരിച്ചിട്ടുണ്ട്.
Discussion about this post