ബരക്ക്പുർ: നേതാക്കളുടെ അസംതൃപ്തി മൂലം കനത്ത പ്രതിസന്ധി നേരിടുന്ന തൃണമൂൽ കോൺഗ്രസിന് അടുത്ത തിരിച്ചടി. ബരക്ക്പുർ എം എൽ എയും 24 നോർത്ത് പർഗാനയിലെ പാർട്ടിയുടെ അവസാന വാക്കുമായ ശീലഭദ്ര ദത്ത പാർട്ടി വിട്ടു. പാർട്ടിയുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിക്കുന്നതായും പാർട്ടി ചുമതലകളിൽ നിന്ന് ഉൾപ്പെടെ രാജി വെക്കുന്നതായും മുഖ്യമന്ത്രി മമത ബാനർജിക്ക് എഴുതിയ കത്തിൽ അദ്ദേഹം വ്യക്തമാക്കി.
അതേസമയം നേരത്തെ തൃണമൂൽ കോൺഗ്രസിൽ നിന്നും രാജി വെച്ച സുവേന്ദു അധികാരി കൂടുതൽ നേതാക്കളെ ഒപ്പം കൂട്ടി ബിജെപിയിൽ ചേരാനൊരുങ്ങുന്നതായി റിപ്പോർട്ടുകളുണ്ട്. സുവേന്ദു അധികാരിയെ പിന്തുണയ്ക്കുന്ന പത്ത് തൃണമൂൽ എംഎൽഎമാർ പാർട്ടി വിടാനൊരുങ്ങുന്നു എന്നാണ് വിവരം. ബംഗാളിൽ നാളെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നയിക്കുന്ന റാലിയുണ്ട്. ഇതിൽ വെച്ച് നേതാക്കൾ ബിജെപിയിൽ ചേരുമെന്നാണ് സൂചന.
ബംഗാളിൽ പാർട്ടി നേരിടുന്ന കനത്ത പ്രതിസന്ധിക്കിടെ മമത ബാനർജി തൃണമൂൽ നേതാക്കളുടെ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കെയുള്ള നേതാക്കളുടെ കൂട്ടരാജി പാർട്ടിയെ കനത്ത പ്രതിസന്ധിയിലാക്കുകയാണ്.










