തിരുവനന്തപുരം : തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിലെ ലൈറ്റ് മെട്രോ പദ്ധതിക്ക് ഭരണാനുമതി നല്കാന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇ.ശ്രീധരനുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയുടെ തുടര്‍ച്ചയായാണ് ഇന്നത്തെ തീരുമാനം. ഡി.എം.ആര്.സിയുടെ പദ്ധതിരേഖയിലെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി കേന്ദ്രത്തിന് പുതിയ കത്ത് നല്‍കാനും മന്ത്രിസഭ തീരുമാനിച്ചു.
നേരത്തെ ലൈറ്റ് മെട്രോ പദ്ധതിക്ക് കേന്ദ്ര നഗരാസൂത്രണ മന്ത്രാലയം വിയോജനക്കുറിപ്പ് എഴുതിയിരുന്നു. പദ്ധതിക്ക് അനുമതി തേടി സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ മാസമാണ് വിശദ പഠനറിപ്പോര്‍ട്ടിനൊപ്പം കത്തുനല്‍കിയത്. പദ്ധതിയുടെ അനിവാര്യത ചൂണ്ടിക്കാട്ടാതെ നല്കിയ കത്ത് സംസ്ഥാന സര്‍ക്കാരിന്റെ താല്പര്യമില്ലായ്മ വെളിപ്പെടുത്തുന്നതാണെന്ന് അന്നേ വിമര്‍ശമുയര്‍ന്നിരുന്നു. നഗരാസൂത്രണ മന്ത്രാലയം വിയോജനക്കുറിപ്പെഴുതിയ പശ്ചാത്തലത്തിലാണ് പ്രസ്തുത കത്തിന് പകരമായി പദ്ധതിയുടെ അനിവാര്യത ചൂണ്ടിക്കാട്ടി മറ്റൊരു കത്തയയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
വിശദ പഠനറിപ്പോര്‍ട്ടിനൊപ്പം നല്കുന്ന കത്തില്‍ പ്രധാനമായും നാല് കാര്യങ്ങളാണ് ഉള്‍ക്കൊള്ളിക്കാറുള്ളത്.
- വിശദ പഠനറിപ്പോര്‍ട്ടിന് മന്ത്രിസഭ അംഗീകാരം നല്‍കിയതായി രേഖപ്പെടുത്തണമെന്നതാണ് ഇതില്‍ പ്രധാനം.
- പദ്ധതിയുടെ ധനസമാഹരണ മാര്‍ഗം, വായ്പ, കേന്ദ്രസംസ്ഥാന വിഹിതങ്ങള്‍ രണ്ടാമതായി രേഖപ്പെടുത്തേണ്ടത്.
- മെട്രോ പദ്ധതി നടപ്പാകുമ്പോള്‍ ഉണ്ടാകുന്ന ഗതാഗത സംവിധാനങ്ങളും ക്രമീകരണങ്ങളും ഉള്‍ക്കൊള്ളിച്ച പഠനംസമഗ്ര മൊബിലിറ്റി പ്ലാന്‍ മൂന്നാമതായി ഉള്‍ക്കൊള്ളിക്കണം.
- കണ്‍സള്‍ട്ടന്റ് ആരാകണമെന്നതും വ്യക്തമാക്കണം.ഇവയൊന്നും രേഖപ്പെടുത്താത്ത കത്താണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര നഗരാസൂത്രണ മന്ത്രാലയത്തിന് വിശദ പഠനറിപ്പോര്‍ട്ടിനൊപ്പം നല്‍കിയത്. പദ്ധതിയിന്മേലുള്ള ഒരുവിഭാഗം ഉദ്യോഗസ്ഥരുടെ താല്പര്യമില്ലായ്മ വെളിപ്പെടുത്തുന്നതാണ് കത്ത്. ലൈറ്റ് മെട്രോയുടെ സവിശേഷതകള്‍ മാത്രമാണ് കത്തില്‍ ഉള്‍പ്പെടുത്തിയത്. ഡി.പി.ആര്. തയ്യാറാക്കിയ ഡി.എം.ആര്.സി.ക്ക് പദ്ധതിയിലുള്ള റോള്‍ എന്താണെന്നുപോലും വ്യക്തമാക്കിയിരുന്നില്ല. സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിനയച്ച കത്തില്‍ ഡി.എം.ആര്.സിയെക്കുറിച്ച് പരാമര്ശിക്കാത്തിലുള്ള അമര്‍ഷം ഇ ശ്രീധരന് മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു.
Discussion about this post