ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ 12 വർഷത്തിലൊരിക്കൽ നടക്കാറുള്ള കുംഭമേള അടുത്ത വർഷം ഫെബ്രുവരിയിൽ 48 ദിവസങ്ങളിലായി നടക്കും. പൊതുവെ മൂന്നര മാസം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾ കോവിഡ് മഹാമാരിയെ തുടർന്നാണ് 48 ദിവസങ്ങളിലാക്കി ചുരുക്കാൻ ഉത്തരാഖണ്ഡ് ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്.
കുംഭമേളയുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയിച്ചുകൊണ്ടുള്ള വിജ്ഞാപനം ജനുവരി ഒന്നിന് പുറപ്പെടുവിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ, സംസ്ഥാന സർക്കാർ ഫെബ്രുവരിയിലായിരിക്കും ഇതു സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിക്കുകയെന്ന് ഉത്തരാഖണ്ഡ് നഗര വികസന വകുപ്പ് മന്ത്രി മദൻ കൗശിക് വ്യക്തമാക്കി.
അതേസമയം, കുംഭമേളയുടെ ഒരുക്കങ്ങളുടെ ഭാഗമായി വിവിധ പദ്ധതികൾ നടപ്പിലാക്കുന്നതിന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് ഫണ്ട് അനുവദിച്ചിട്ടുണ്ട്. സർവൈലൻസ് സിസ്റ്റത്തിന് മാത്രം 17.34 കോടി രൂപയാണ് മുഖ്യമന്ത്രി അനുവദിച്ചിട്ടുള്ളത്. കുംഭ മേളയുടെ ഭാഗമായി ട്രെയിൻ സർവീസുകൾ പുനരാരംഭിക്കാൻ റെയിൽവേ ആലോചിച്ചു വരികയാണ്. ഇതിന്റെ ഭാഗമായി മോർദാബാദ് റെയിൽവേ ഡിവിഷൻ റെയിൽവേ ബോർഡിന് 20 ട്രെയിനുകൾ സർവീസ് നടത്താൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കത്തയച്ചിട്ടുണ്ട്.










