തിരുവനന്തപുരം: ഡോളർ കടത്ത് കേസുമായി ബന്ധപ്പെട്ട് സ്പീക്കർ പി ശ്രീരാമകൃഷ്ണന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പൻ നാളെ കസ്റ്റംസിന് മുന്നിൽ ഹാജരാകും. നാളെ ഹാജരാകണമെന്നാവശ്യപ്പെട്ട് അയ്യപ്പന് കസ്റ്റംസ് നോട്ടീസ് അയച്ചിരുന്നു.
നേരത്തെ ചോദ്യം ചെയ്യലിനായി ഹാജരാവാനാവശ്യപ്പെട്ട് രണ്ട് തവണ കസ്റ്റംസ് കത്ത് നൽകിയിരുന്നെങ്കിലും അയ്യപ്പൻ എത്തിയിരുന്നില്ല. സ്പീക്കറുടെ അസിസ്റ്റൻ്റ് പ്രൈവറ്റ് സെക്രട്ടറിക്കും നിയമസഭാ ചട്ടം 165 പ്രകാരം നിയമപരിരക്ഷയുണ്ടെന്ന നിയമസഭാ സെക്രട്ടറിയുടെ കത്ത് കസ്റ്റംസ് തള്ളുകയും രൂക്ഷമായ ഭാഷയിൽ മറുപടി നൽകുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് അയ്യപ്പൻ നാളെ ഹാജരാകുമെന്ന് അറിയിച്ചിരിക്കുന്നത്.
ഡോളർ കടത്ത് കേസിൽ സ്വപ്ന സുരേഷിന്റെ രഹസ്യ മൊഴിയിലെ വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് അന്വേഷണം നടക്കുന്നത്. ഇതിന്റെ ഭാഗമായാണ് അയ്യപ്പനെ വിളിച്ചു വരുത്താൻ കസ്റ്റംസ് തീരുമാനിച്ചിരിക്കുന്നത്. വിദേശത്ത് സർവ്വകലാശാല തുടങ്ങാൻ പണം മുടക്കി, സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷുമായി വാട്സ് ആപ്പ് ചാറ്റ് നടത്തി തുടങ്ങിയ ആരോപണങ്ങളും സ്പീക്കർക്കെതിരെ നിലവിലുണ്ട്. ഈ പശ്ചാത്തലത്തിൽ അയ്യപ്പന്റെ ചോദ്യം ചെയ്യലിന് പ്രാധാന്യം ഏറെയാണ്.
Discussion about this post