ഡൽഹി: ബലാക്കോട്ട് വ്യോമാക്രമണത്തിൽ ഭീകരർ കൊല്ലപ്പെട്ടതായി പാകിസ്ഥാൻ സമ്മതിച്ച സാഹചര്യത്തിൽ സൈനിക നടപടയിൽ സംശയം പ്രകടിപ്പിച്ച് ഇന്ത്യൻ സൈന്യത്തിന്റെ ആത്മാഭിമാനം ചോദ്യം ചെയ്ത കോൺഗ്രസ് രാജ്യത്തോട് മാപ്പ് പറയണമെന്ന് ബിജെപി. കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും തൊട്ട് കളിച്ചത് ഇന്ത്യൻ സൈന്യത്തിന്റെ വിശ്വാസ്യതയാണെന്നും കേന്ദ്ര മന്ത്രി പ്രകാശ് ജാവ്ദേക്കർ വ്യക്തമാക്കി. 2019 ഫെബ്രുവരി 26ലെ ബലാക്കോട്ട് വ്യോമാക്രമണത്തിൽ ഇന്ത്യൻ സൈന്യം 300 പാക് ഭീകരരെ വകവരുത്തിയെന്ന് മുൻ പാക് നയതന്ത്ര ഉദ്യോഗസ്ഥൻ സഫർ ഹിലാലി കഴിഞ്ഞ ദിവസം വെളിപ്പെടുത്തൊയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ബിജെപിയുടെ പ്രതികരണം.
ഇന്ത്യ ഇത്രയും ശക്തമായ ആക്രമണം നടത്തിയിട്ടും പ്രത്യാക്രമണം നടത്താൻ ധൈര്യം കാട്ടാത്ത പാകിസ്ഥാന്റെ നടപടിയും സഫർ ഹിലാലി വിമർശിച്ചിരുന്നു. ജെയ്ഷെ മുഹമ്മദ് ഭീകരർ നടത്തിയ പുൽവാമ ഭീകരാക്രമണത്തിൽ നാൽപ്പത് ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചിരുന്നു. ഇതിന് മറുപടിയായി ഇന്ത്യൻ വ്യോമസേന നടത്തിയ ബലാക്കോട്ട് ആക്രമണത്തിൽ ജെയ്ഷെ മുഹമ്മദിന്റെ ഒരു ഭീകര ക്യാമ്പ് നിശ്ശേഷം തകരുകയും മുന്നൂറോളം ഭീകരർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. പന്ത്രണ്ട് മിറാഷ്-2000 പോർവിമാനങ്ങളിൽ സ്പൈസ് 2000 ഗ്ലൈഡ് ബോംബുകൾ ഉപയോഗിച്ചായിരുന്നു ഇന്ത്യ പാക് ഭീകരരെ സംഹരിച്ചത്.
ഇന്ത്യ വ്യോമാതിർത്തി ലംഘിച്ച് നടത്തിയത് യുദ്ധം തന്നെയായിരുന്നു. അതിൽ തിരിച്ച് പ്രതികരിക്കാൻ പാകിസ്ഥാന് വേണ്ട പോലെ സാധിച്ചില്ല എന്നായിരുന്നു പാക് വിദേശകാര്യ വിദഗ്ധന്റെ പ്രതികരണം.
Discussion about this post