തിരുവനന്തപുരം : ഇ. ശ്രീധരനെ ലൈറ്റ്മെട്രോ പദ്ധതി ഏല്പിച്ചാല് അറുപതു ദിവസത്തിനുള്ളില്‍ തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ്മെട്രോയ്ക്ക് കേന്ദ്രസര്‍ക്കാരിന്റെ തത്വത്തിലുള്ള അനുമതി നേടാമെന്ന് ഡി.എം.ആര്.സി. ഇത് സര്‍ക്കാരിനെ രേഖാമൂലം അറിയിക്കുകയും ചെയ്തു.
സാധാരണഗതിയില്‍ കേന്ദ്രാനുമതിക്ക് ഒന്നരവര്‍ഷം വരെ കാലതാമസമെടുക്കും. കേന്ദ്ര നഗരവികസന മന്ത്രാലയത്തിന്റെ മെട്രോ നയരേഖ തയ്യാറാക്കിയത് ഇ. ശ്രീധരനാണ്. കേന്ദ്രമന്ത്രി വെങ്കയ്യനായിഡുവുമായി ശ്രീധരന് നല്ല ബന്ധത്തിലുമാണ്. വിജയവാഡ മെട്രോയുടെ അന്തിമചര്ച്ചകള്ക്കിടയില് കേരളത്തിലെ ലൈറ്റ്മെട്രോ പദ്ധതി ശ്രീധരന് അവതരിപ്പിച്ചിരുന്നു. ഇന്ന് വെങ്കയ്യനായിഡുവുമായി ശ്രീധരന് വീണ്ടും കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഇതിന്റെകൂടി പശ്ചാത്തലത്തിലാണ് രണ്ടുമാസം കൊണ്ട് അനുമതി നേടിയിരിക്കുമെന്ന ഡി.എം.ആര്.സിയുടെ ഉറപ്പ്.
ലൈറ്റ് മെട്രോയുടെ പദ്ധതിരേഖ ജൂലായ് 29ന് ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകരിച്ചെങ്കിലും കേന്ദ്രാനുമതിയും കേന്ദ്രവിഹിതവും തേടിയുള്ള വിശദമായ അപേക്ഷ ഇതുവരെ കേന്ദ്രത്തിനയച്ചിട്ടില്ല.
പദ്ധതിയുടെ കണ്‍സള്‍ട്ടന്റ് ആരാണെന്നോ എങ്ങനെയാണ് പണം കണ്ടെത്തുന്നതെന്നോ സര്‍ക്കാര്‍ ഇനിയും തീരുമാനിച്ചിട്ടുമില്ല. ഇടക്കാല കണ്സള്ട്ടന്റാക്കിയാലും ലൈറ്റ്മെട്രോയുടെ അനുമതി നേടുന്നതുവരെയുള്ള നടപടികള്‍ ഏറ്റെടുക്കാമെന്ന് ഡി.എം.ആര്.സി സര്‍ക്കാരിനെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. ഇതിലും തുടര്‍നടപടികളില്ല.
ആറുമാസത്തിനകം ജിക്ക വായ്പയുടെ ആദ്യഗഡു ലഭ്യമാക്കാമെന്നാണ് ഡി.എം.ആര്.സി സര്‍ക്കാരിനെ അറിയിച്ചിട്ടുള്ളത്. വായ്പ ലഭിച്ച് രണ്ടുമാസത്തിനകം സിവില്‍ജോലികള്‍ തുടങ്ങാമെന്നാണ് ഡി.എം.ആര്.സിയുടെ ഉറപ്പ്.
Discussion about this post