കൊവിഡ് പ്രതിസന്ധി ഉടനെങ്ങും അവസാനിക്കാൻ സാധ്യതയില്ലെന്ന് ആരോഗ്യ വിദഗ്ധർ. ഇന്നത്തെ നിലയിലാണ് വാക്സിനേഷൻ പുരോഗമിക്കുന്നതെങ്കിൽ മഹാമാരിയെ അതിജീവിച്ച് ജനജീവിതം സാധാരണ നിലയിലാകാൻ കുറഞ്ഞത് ഏഴ് വർഷമെങ്കിലും എടുക്കുമെന്നാണ് സൂചന.
വാക്സിൻ സ്വീകരിച്ചു കഴിഞ്ഞാൽ പ്രതിരോധ ശേഷി ആർജ്ജിക്കാൻ കുറച്ച് ആഴ്ചകൾ വേണ്ടി വരും. ഇക്കാലയളവിൽ അതീവ ജാഗ്രത പുലർത്തിയില്ലെങ്കിൽ വാക്സിൻ കൊണ്ട് ഉദ്ദേശിച്ച ഫലം കിട്ടില്ലെന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഒരു പ്രദേശത്തെ ഒരുപാട് പേർക്ക് ഒരുമിച്ച് വാക്സിൻ നൽകുന്നത് ഗുണം ചെയ്യും. ഇത് സാമൂഹിക വ്യാപനം കുറയ്ക്കാനും കൂട്ടായ പ്രതിരോധ ശേഷി ആർജ്ജിക്കാനും സഹായിക്കും.
ഇന്ന് പ്രചാരത്തിലുള്ള വാക്സിനുകൾ എല്ലാം തന്നെ കുറഞ്ഞത് രണ്ട് ഡോസ് സ്വീകരിക്കേണ്ടവയാണ്. ഇതും പ്രതിരോധ ശേഷി ആർജ്ജിക്കാനുള്ള കാലതാമസത്തിന് കാരണമാകും. ജോൺസൺ ആൻഡ് ജോൺസൺ വികസിപ്പിച്ച വാക്സിൻ ഒറ്റ ഡോസിൽ പ്രതിരോധ ശേഷി നൽകുന്നതാണ്. ഇത്തരം സാധ്യതകൾ കാര്യങ്ങൾ വേഗത്തിലാക്കുമെന്നും ബ്ലൂംബർഗിലെ വിദഗ്ധർ വ്യക്തമാക്കുന്നു. ഇതിനോടകം ലോകവ്യാപകമായി 119 മില്ല്യൺ വാക്സിൻ ഡോസുകൾ നൽകി കഴിഞ്ഞതായും പഠന റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
Discussion about this post