കോഴിക്കോട്: കഥകളിയാചാര്യന്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന് നായര്‍(105) അന്തരിച്ചു. കൊയിലാണ്ടിയിലെ വീട്ടില്‍ ഇന്ന് പുലര്‍ച്ചെ നാലോടെ ആയിരുന്നു അന്ത്യം.
കഥകളിക്കായി മാറ്റിവെച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. ഭരതനാട്യം, കേരള നടനം എന്നീ കലാരൂപങ്ങളിലും പ്രാവീണ്യമുണ്ടായിരുന്നു. കഥകളിയിലെ തെക്ക്- വടക്ക് സമ്പ്രദായങ്ങളെയും ഭരതനാട്യത്തിലെയും മറ്റും ചില ഘടകങ്ങളെയും സമന്വയിപ്പിച്ച് തന്റേതായ ശൈലി അദ്ദേഹം രൂപപ്പെടുത്തിയിരുന്നു. മടന്‍കണ്ടി ചാത്തുകുട്ടിനായരുടേയും അമ്മുക്കുട്ടിയമ്മയുടെയും പുത്രനായി 1916 ജൂണ്‍ 26ന് ജനിച്ച് 15 വയസ്സില്‍ വാരിയംവീട്ടില്‍ നാടകസംഘത്തിന്റെ ‘വള്ളിത്തിരുമണം’ നാടകത്തോടെ രംഗപ്രവേശം നടത്തിയ ചേമഞ്ചേരി കുഞ്ഞിരാമന് നായര്‍ നൃത്തം, കഥകളി, കേരളനടനം എന്നിവയിലെല്ലാം അസാമാന്യ പാടവം പ്രദര്‍ശിപ്പിച്ചു.
1977-ല്‍ ഇദ്ദേഹം മലബാര്‍ സുകുമാരന്‍ ഭാഗവതരോടൊപ്പം പൂക്കാട് കലാലയവും 1983-ല്‍ ചേലിയ കഥകളി വിദ്യാലയവും സ്ഥാപിച്ചു.
വാര്‍ധക്യസഹജമായ അസുഖങ്ങളാല്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു. 2017-ല്‍ അദ്ദേഹത്തെ രാജ്യം പത്മശ്രീ പുരസ്കാരം നല്കി ആദരിച്ചു. അരങ്ങില്‍ കുചേലനായും കീചകനായുമൊക്കെ വേഷപ്പകര്‍ന്നാട്ടം നടത്തിയ കുഞ്ഞിരാമന് നായരുടെ കൃഷ്ണവേഷം കഥകളി ആസ്വാദകര്‍ക്ക് എന്നും പ്രിയപ്പെട്ടതായിരുന്നു.
1979-ല്‍ നൃത്തത്തിനുള്ള അവാര്‍ഡും 1990-ല്‍ നൃത്തത്തിനും കഥകളിക്കും കൂടി ഫെല്ലോഷിപ്പും നല്കി കേരള സംഗീത നാടക അക്കാദമി ഇദ്ദേഹത്തെ ആദരിച്ചിരുന്നു. 2001-ല്‍ കേരള കലാമണ്ഡലം വിശിഷ്ടസേവനത്തിനുള്ള അവാര്‍ഡ് നല്കി ആദരിച്ചു.
2013-ല്‍ പി.കെ. രാധാകൃഷ്ണന് സംവിധാനം ചെയ്ത മുഖംമൂടികള്‍ എന്ന സിനിമയിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
Discussion about this post