ലഖ്നൗ: പ്രഭാത നമസ്കാരത്തിനുള്ള ബാങ്ക് വിളി ഉറക്കം കെടുത്തുന്നുവെന്ന് അലഹബാദ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലറുടെ പരാതി. യൂനിവേഴ്സിറ്റിയുടെ ഔദ്യോഗിക ലെറ്റര്‍ പാഡിലാണ് വി.സി സംഗീത ശ്രീവാസ്തവ ജില്ലാ ഭരണകൂടത്തിന് പരാതി നല്‍കിയത്.
പരാതിയെ തുടര്‍ന്ന് പ്രയാഗ്രാജ് (പഴയ അലഹബാദ്) ജില്ല ഭരണകൂടം സിവില്‍ ലൈന്‍ റോഡിലെ ലാല്‍ മസ്ജിദ് അധികൃതരോട് ഉച്ചഭാഷിണിയുടെ സ്ഥാനം മാറ്റാനും ശബ്ദം കുറക്കാനും ആവശ്യപ്പെട്ടു. മാര്‍ച്ച് മൂന്നിന് വി.സി എഴുതിയ കത്ത് ഈ ആഴ്ചയാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചത്. യൂണിവേഴ്സിറ്റി കാമ്പസില്‍ നിന്ന് നാല് കിലോമീറ്റര്‍ അകലെയുള്ള സിവില്‍ ലൈനിലാണ് സംഗീത ശ്രീവാസ്തവ താമസിക്കുന്നത്.
”എല്ലാ ദിവസവും പുലര്‍ച്ചെ 5.30ഓടെ പള്ളിയില്‍നിന്ന് ഉച്ചത്തിലുള്ള ബാങ്ക് ഉറക്കം കളയുന്നു. എത്ര ശ്രമിച്ചിട്ടും ഉറക്കം തിരിച്ചുകിട്ടുന്നില്ല. ഇത് മൂലം ദിവസം മുഴുവന്‍ തലവേദന അനുഭവപ്പെടുന്നു. ജോലി സമയം നഷ്ടപ്പെടാനും കാരണമാകുന്നു. ഞാന്‍ ഒരു മതത്തിനും ജാതിക്കും മതത്തിനും എതിരല്ല. ‘എന്റെ മൂക്ക് ആരംഭിക്കുന്നിടത്ത് നിങ്ങളുടെ സ്വാതന്ത്ര്യം അവസാനിക്കുന്നു” എന്ന കാര്യം ഓര്‍മിക്കണം” -ശ്രീവാസ്തവ പരാതിയില്‍ പറഞ്ഞു.
അവര്‍ക്ക് പ്രയാസമുണ്ടെങ്കില്‍ നേരിട്ട് പറയാമായിരുന്നുവെന്നും ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടതനുസരിച്ച് ശബ്ദം കുറച്ചിട്ടുണ്ടെന്നും മസ്ജിദ് അഡ്മിനിസ്ട്രേഷന് കോര്‍ഡിനേറ്റര്‍ കലിമുറഹ്മാന് പറഞ്ഞതായി ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്തു.
Discussion about this post