തിരുവനന്തപുരം: ഏഴ് മാസം വിതരണം ചെയ്യാതിരുന്ന അരി ഒറ്റയടിക്ക് സ്കൂൾ കുട്ടികൾക്ക് കൊടുക്കാൻ ഉത്തരവുമായി സംസ്ഥാന സർക്കാർ. തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കവെ സ്കൂൾ കുട്ടികൾ വഴി 25 കിലോ വരെ അരി വീടുകളിലേക്കെത്തിക്കാനുള്ള സർക്കാർ നീക്കമാണ് വിവാദമായിരിക്കുന്നത്. അരി കൊടുത്ത് വോട്ട് പിടിക്കാനുള്ള പിണറായി സർക്കാരിന്റെ നീക്കത്തിനെതിരെ തിരഞ്ഞെടുപ്പു കമ്മീഷനെ സമീപിക്കാനൊരുങ്ങുകയാണ് അദ്ധ്യാപക സംഘടനകൾ.
ഉച്ചക്കഞ്ഞി അലവൻസായി കഴിഞ്ഞ ഏഴുമാസം വിതരണം ചെയ്യാതിരുന്ന അരിയാണ് ഒരുമിച്ചു വിതരണം ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്. ഇത് തിരഞ്ഞെടുപ്പിനു തൊട്ടുമുൻപായതിനാൽ വോട്ട് സ്വാധീനിക്കാനുള്ള നീക്കമാണെന്ന ആക്ഷേപം ശക്തമാകുകയാണ്. എന്നാൽ അധ്യയന വർഷം തീരുന്ന മാർച്ച് 31നു മുൻപ് അരികൊടുത്തു തീർക്കേണ്ടതിനാലാണ് ഇപ്പോൾത്തന്നെ വിതരണം ചെയ്യുന്നതെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വാദം.
എന്നാൽ ഈ അരിവിതരണത്തിന്റെ ഉത്തരവിൽത്തന്നെ കിറ്റുകൾ വിതരണത്തിനെത്തുമെന്നും പറയുന്നുണ്ട്. 11 തരം ഭക്ഷ്യവസ്തുക്കളും അരിയും അടങ്ങുന്ന കിറ്റ് തയാറാക്കൽ പുരോഗമിക്കുകയാണ്. ഒരുമിച്ചു വിതരണം ചെയ്യുന്നതിനു പകരം അരിമാത്രം തിരക്കിട്ടു വിതരണം ചെയ്യുന്നതിനെതിരെയാണ് ആരോപണം ശക്തമാകുന്നത്.
ഏഴുമാസം സ്കൂളുകളിലെ അരി വിതരണം തടഞ്ഞുവച്ച് ഇപ്പോൾ ഒരുമിച്ചു നൽകിയത് മനപ്പൂർവമാണെന്നാണ് ആരോപണം. സ്കൂളുകളിൽ ചാക്ക് കണക്കിന് അരി കൂട്ടിയിട്ടിരിക്കുകയാണ്. സർക്കാർ ഉത്തരവനുസരിച്ച് പല സ്കൂളുകളും ഇവയുടെ വിതരണം ആരംഭിച്ചു കഴിഞ്ഞു.
സ്കൂൾ വിദ്യാർഥികളുടെ ഭക്ഷ്യഭദ്രതാ അലവൻസ് എന്ന പേരിലാണ് അരിവിതരണത്തിന് നിർദ്ദേശം നൽകിയിരിക്കുന്നത്. ഏപ്രിൽ ആറിന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കവെ മാർച്ചിൽത്തന്നെ വിതരണം പൂർത്തിയാക്കണമെന്ന നിർദ്ദേശമാണ് വിവാദമായിരിക്കുന്നത്.
Discussion about this post