ഡൽഹി: പ്രതിവാര റേഡിയോ സംഭാഷണമായ മാന്‍ കി ബാത്തിന്‍റെ എഴുപത്തിയഞ്ചാം പതിപ്പിൽ, കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ പ്രവർത്തിച്ച പ്രതിരോധ ഭടന്‍മാര്‍ക്ക് ആദരവ് അര്‍പ്പിച്ചും ഒരുവര്‍ഷം മുൻപ് പ്രഖ്യാപിച്ച ജനത കര്‍ഫ്യൂവിനേയും ഓർമ്മിച്ചു കൊണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോഡി സംസാരിക്കുകയും , മാന്‍ കി ബാത്ത് വിജയകരമാക്കിയതിനും, അതിലെ മികച്ച പങ്കാളിത്തത്തിനും എല്ലാ ശ്രോതാക്കള്‍ക്കും പ്രധാനമന്ത്രി നന്ദി പറയുകയും ചെയ്തു.
“കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മാസമായിരുന്നു ജനത കര്‍ഫ്യൂ എന്ന വാക്ക് രാജ്യം ആദ്യമായി കേട്ടത്. ജനത കര്‍ഫ്യൂ ലോകത്തെ മുഴുവന്‍ അത്ഭുതപ്പെടുത്തി. ജനകീയ പങ്കാളിത്തതോടെ കര്‍ഫ്യൂ എങ്ങനെ നടപ്പിലാക്കമെന്നതിന്‍റെ മികച്ച ഉദാഹരണായിരുന്നു ജനതാ കര്‍ഫ്യൂ. കൊറോണ വൈറസിനോടുള്ള പോരാട്ടത്തില്‍ ഒരു വിട്ടവീഴ്ചയും പാടില്ലെന്ന കാര്യം പ്രത്യേകം ഓർക്കണം” പ്രധാനമന്ത്രി പറഞ്ഞു.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ 10,000 റണ്‍സ് നേടിയ ആദ്യത്തെ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരമായ മിതാലി രാജിനെ പ്രധാനമന്ത്രി മാന്‍ കി ബാത്തിലൂടെ അഭിനന്ദിച്ചു. മാര്‍ച്ച് മാസത്തില്‍ നമ്മള്‍ വനിതാദിനം ആഘോഷിക്കുമ്പോൾ നമ്മുടെ നിരവധി വനിതാ കായിക താരങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍ നേരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ പെണ്‍മക്കള്‍ ഇന്ന് എല്ലായിടത്തും സ്വന്തം വ്യക്തിത്വം ഉണ്ടാക്കുന്നുവെന്നും , കായികരംഗത്ത് അവര്‍ അതീവ താല്‍പര്യം കാണിക്കുന്നവെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.








