തിരുവനന്തപുരം: നരേന്ദ്ര മോദിയെയും അമിത് ഷായെയും വിമര്‍ശിച്ചതിന് ഫേസ്ബുക്ക് വിലക്ക് ഏര്‍പ്പെടുത്തിയെന്ന ആരോപണവുമായി രംഗത്തെത്തിയ കവി കെ സച്ചിദാനന്ദനെ പരിഹസിച്ച് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് ജി വാര്യര്‍ രംഗത്ത്. സച്ചിദാനന്ദന്റെ പോസ്റ്റ് കണ്ട് ഭയന്ന് വിറച്ച് മോദി സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയെന്ന സഖാക്കളുടെ പ്രചരണങ്ങള്‍ക്കാണ് അദ്ദേഹത്തിന്റെ മറുപടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം രസകരമായ മറുപടി നല്‍കിയത്.
സന്ദീപ് വാര്യറുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
മിനിഞ്ഞാന്ന് പുലർച്ചെ മൂന്നര മണിക്ക് ഡൽഹിയിലെ പ്രധാനമന്ത്രിയുടെ വസതിയിൽ അദ്ദേഹത്തിൻ്റെ അദ്ധ്യക്ഷതയിൽ അടിയന്തര യോഗം നടന്നു. പങ്കെടുത്തവർ ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങ്, ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ ഒപ്പം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ.
പുലർച്ചെ പ്രധാനമന്ത്രി വിളിച്ച അടിയന്തര സ്വഭാവത്തിലുള്ള യോഗമായിരുന്നതിനാൽ എല്ലാവരുടെയും മുഖത്ത് ആകാംക്ഷയും സമ്മർദ്ദവും ദൃശ്യമായിരുന്നു.
‘ഡോവൽ സാബ് , താങ്കൾ തന്നെ വിശദീകരിക്കൂ ” പ്രധാനമന്ത്രി നിർദ്ദേശം നൽകി.
തൻ്റെ കസേരയിൽ നിന്ന് എണീറ്റ ഡോവൽ പ്രൊജക്ടറിന് അടുത്തേക്ക് നടന്നു . പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു തുടങ്ങി .
” അൽപ്പ നേരം മുമ്പ് മൊസാദിൽ നിന്നും കിട്ടിയ സോളിഡ് ഇൻഫർമേഷനാണ് . മോദി സർക്കാരിനെ തകർക്കാൻ പോകുന്ന ഒരു വലിയ നീക്കം നടക്കുന്നു. അപാരമായ ധിഷണാ വൈഭവവും കോടിക്കണക്കിന് ഇന്ത്യക്കാരുടെ പിന്തുണയുമുള്ള ഒരാളാണ് അതിന് പിറകിൽ. അയാളുടെ നീക്കം തടയാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ എന്താണ് സംഭവിക്കുക എന്ന് പറയാൻ കഴിയില്ല ”
അമിത് ഷാ ചാടിയെണീറ്റ് ചോദിച്ചു. “താങ്കൾ ടെൻഷനടിപ്പിക്കാതെ ആരാണയാൾ എന്നു പറയൂ . എന്താണ് പദ്ധതി എന്നും അതെങ്ങനെ തടയാം എന്നും പറയൂ ”
ഡോവൽ പ്രൊജക്ടർ ലൈറ്റിൽ നിന്ന് മാറി നിന്നു പറഞ്ഞു ” മോദി സർക്കാരിനെ വീഴ്ത്താൻ പോന്ന ജന പിന്തുണയും അപാരമായ ബുദ്ധിശക്തിയുമുള്ള അയാളാണ് ദാ ഈ സ്ക്രീനിൽ , ദാ കാണ് ”
സ്ക്രീനിൽ കവി സച്ചിതാനന്ദൻ്റെ വലിയ ഫോട്ടോ ( ധ്യാനം ധേയം നരസിംഹം ബിജിഎം) .
ഡോവൽ തുടർന്നു ” വാട്സ് ആപ്പിൽ പോരാളി ഷാജി അയച്ചു കൊടുത്ത ഒരു കാപ്സൂൾ സച്ചിതാനന്ദൻ്റെ കയ്യിലുണ്ട് . അതദ്ദേഹം എഫ് ബി യിൽ പോസ്റ്റ് ചെയ്താൽ അതോടെ കേന്ദ്ര സർക്കാർ വീഴും , അതിനു മുമ്പ് എന്തെങ്കിലും ചെയ്തേ പറ്റൂ”
ഒരൽപ്പം ചിന്തയിലാണ്ട മോദി ജി ഫോണെടുത്തു. സുക്കറിനെ വിളിച്ചു. ചർച്ചയിൽ സച്ചിതാനന്ദൻ്റെ ഫേസ്ബുക്ക് പേജ് ഒരു ദിവസത്തേക്ക് ബ്ലോക്ക് ചെയ്യാൻ തീരുമാനമായി.
അങ്ങനെ ബിജെപിയും കേന്ദ്ര സർക്കാരും അഭിമുഖീകരിച്ച വലിയൊരു പ്രതിസന്ധി ഒഴിവായി.
അപ്പോഴാണ് സച്ചിതാനന്ദൻ മൂത്രശങ്കയുണ്ടായി സ്വപ്നത്തിൽ നിന്ന് ഞെട്ടി എഴുന്നേറ്റത്. രാവിലെ നോക്കുമ്പോ സംഗതി സത്യാണ് . നേര് നേരത്തെ അറിയിക്കുന്ന പത്രത്തിലും വന്നിട്ടുണ്ട്.
Discussion about this post