തിരുവനന്തപുരം: മുൻ മന്ത്രി കെ ആർ ഗൗരിയമ്മ അന്തരിച്ചു. 102 വയസ്സായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
1957ലെ ആദ്യ കേരള മന്ത്രിസഭയിൽ അംഗമായിരുന്നു. അഞ്ചാം കേരള നിയമസഭയിൽ ഒഴികെ 1 മുതൽ 11 വരെയുള്ള നിയമസഭകളിൽ അംഗമായിരുന്നു. കേരളത്തിലെ ആദ്യ വനിതാ മന്ത്രിയും ഏറ്റവും കൂടുതൽ കാലം മന്ത്രിയായിരുന്ന വനിതയുമായിരുന്നു. 1952-53, 1954-56 വര്‍ഷങ്ങളില്‍ തിരുവിതാംകൂര്‍-കൊച്ചി നിയമസഭകളിലും അംഗമായിരുന്നു.
1957, 1960 കേരള നിയമസഭകളില്‍ ചേര്‍ത്തലയില്‍ നിന്നും 1965 മുതല്‍ 1977 വരെയും 1980 മുതല്‍ 2006 വരെയും അരൂരില്‍ നിന്നും നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2011ല്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
1919 ജൂലൈ 14ന് ചേര്‍ത്തലയ്ക്ക് അടുത്തുള്ള അന്ധകാരനഴി എന്ന ഗ്രാമത്തിൽ കെ.എ രാമന്റെയും പാര്‍വ്വതിയമ്മയുടെയും മകളായിട്ടായിരുന്നു കെ ആർ ഗൗരിയുടെ ജനനം. എറണാകുളം മഹാരാജാസില്‍ നിന്നും ബിരുദവും തിരുവനന്തപുരം ലോ കോളേജില്‍ നിന്ന് ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കി. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ സജീവമായിരുന്ന ഗൗരിയമ്മ 1954ല്‍ നടന്ന തിരുകൊച്ചി നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ടു.
ഇ.എം.എസ് മന്ത്രിസഭയില്‍ റവന്യൂ, ഭക്ഷ്യം, പൊതുവിതരണം, വാണിജ്യ നികുതി, സാമൂഹ്യ സുരക്ഷ, നിയമം എന്നീ വകുപ്പുകളുടെ ചുമതല വഹിച്ചു. ഇ.കെ. നായനാരുടെ നേതൃത്വത്തില്‍ ആദ്യ മന്ത്രിസഭയിലും അംഗമായിരുന്നു. പതിനൊന്നാം കേരള നിയമസഭയിലെ ഏറ്റവും പ്രായം കൂടിയ നേതാവും ഗൗരിയമ്മയായിരുന്നു.
ഭൂപരിഷ്കരണ നിയമം, 1958 ലെ സര്‍ക്കാര്‍ ഭൂമി പതിച്ചുകൊടുക്കല്‍ നിയമം എന്നിവ സഭയില്‍ അവതരിപ്പിച്ചതും നടപ്പിലാക്കിയതും 1957ലെ ആദ്യ മന്ത്രിസഭയില്‍ റവന്യൂ മന്ത്രിയായിരുന്ന ഗൗരിയമ്മയായിരുന്നു. 1957ല്‍ അന്നത്തെ മന്ത്രിസഭയില്‍ അംഗമായിരുന്ന ടി.വി തോമസും ഗൗരിയമ്മയും വിവാഹിതരായി. 1964 കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രണ്ടായി പിളര്‍ന്നപ്പോള്‍ തോമസ് സിപിഐയിലും ഗൗരിയമ്മ സിപിഎമ്മിലും ചേര്‍ന്നു. ഇത് ഇവരുടെ വിവാഹ ജീവിതത്തിലും വിള്ളൽ വീഴ്ത്തി.
ഗൗരിയമ്മ 1994ൽ സിപിഎം വിട്ടു. ജെ എസ് എസ് എന്ന പാർട്ടിക്ക് രൂപം നൽകി. 2001ല്‍ യുഡിഎഫ് മന്ത്രിസഭയില്‍ ഗൗരിയമ്മ കൃഷിമന്ത്രിയായി. ആത്മകഥ (കെ.ആര്. ഗൗരിയമ്മ) എന്നപേരില്‍ പ്രസിദ്ധീകരിച്ച ആത്മകഥയ്ക്ക് 2011-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.
Discussion about this post