കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ അസംതൃപ്തി അവഗണിച്ച് ഗവർണ്ണർ ജഗദീപ് ധാങ്കർ അസമിലേക്ക്. ബംഗാൾ കലാപത്തിൽ ആത്മരക്ഷാർത്ഥം അസാമിലേക്ക് പലായനം ചെയ്ത ബിജെപി പ്രവർത്തകരെയും കുടുംബാംഗങ്ങളെയും അദ്ദേഹം സന്ദർശിക്കും. ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരുടെ ആക്രമണം ഭയന്നാണ് ഇവർ അസാമിലേക്ക് പോയത്.
അസം സന്ദർശിക്കുന്നതിൽ നിന്നും പിന്മാറണമെന്ന് കാട്ടി മമത ഗവർണ്ണർക്ക് കത്തയച്ചിരുന്നു. എന്നാൽ മമതയുടെ ആവശ്യം അദ്ദേഹം തള്ളി. തെരഞ്ഞെടുപ്പിന് ശേഷം നടന്ന കലാപത്തിനോട് മുഖം തിരിക്കാനാവില്ലെന്നും ഈ അവസരത്തിൽ ഇരകളോടൊപ്പം നിൽക്കലാണ് ജനാധിപത്യത്തിൽ അനിവാര്യമെന്നും ഗവർൻണർ ജഗദീപ് ധാങ്കർ ട്വീറ്റ് ചെയ്തു.
ഗവർണ്ണർ എന്ന നിലയിലുള്ള തന്റെ ഭരണഘടനാപരമായ ഉത്തരവാദിത്വങ്ങളും കടമകളും ജഗദീപ് ധാങ്കർ മമതയെ ഓർമ്മിപ്പിച്ചു. ബംഗാളിൽ നിന്നുള്ള അഭയാർത്ഥികൾ കൂട്ടമായി താമസിക്കുന്ന ശ്രീരാംപുർ അദ്ദേഹം ഇന്ന് സന്ദർശിക്കും. ബി എസ് എഫിന്റെ ഹെലികോപ്റ്ററിലാകും അദ്ദേഹം അസാമിലെത്തുക.
അസം സന്ദർശനത്തിന് മുന്നോടിയായി ബംഗാളിൽ കലാപം ഏറ്റവും രൂക്ഷമായ കുച്ച് ബെഹാർ, മാതഭംഗ, ശീതൾകുച്ചി, സികായ്, ദിൻഹട്ട എന്നീ സ്ഥലങ്ങളും ഗവർണ്ണർ ജഗദീപ് ധാങ്കർ സന്ദർശിക്കും.
Discussion about this post