ഹൈദരാബാദ്: പോക്സോ കേസ് പ്രതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. ഹൈദരാബാദിലെ ഫലക്നുമയിലാണ് സംഭവം. നഗരത്തിലെ ഓട്ടോ ഡ്രൈവറായ അബ്ദുൾ ഷാരൂഖ്(24)ആണ് കൊല്ലപ്പെട്ടത്.
സ്കൂട്ടർ ഓടിച്ച് വന്നിരുന്ന ഷാരൂഖിനെ പിറകിലിരുന്നയാൾ കത്തി കൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. കഴുത്തിൽ മാരകമായി മുറിവേറ്റ ഷാരൂഖ് സ്കൂട്ടർ ഉപേക്ഷിച്ച് ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഏതാനും ദൂരം പിന്നിട്ടശേഷം നിലത്തുവീണ് രക്തം വാർന്ന് മരിക്കുകയായിരുന്നു. സംഭവത്തിന് ശേഷം പ്രതി ഓടി രക്ഷപ്പെട്ടു.
കൊല്ലപ്പെട്ട ഷാരൂഖിനെതിരെ കഴിഞ്ഞവർഷം പോക്സോ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിനാണ് ഷാരൂഖിനെ അറസ്റ്റ് ചെയ്തിരുന്നത്. കൊലപാതകത്തിന് പിന്നിൽ പെൺകുട്ടിയുടെ പിതാവോ ബന്ധുക്കളോ ആകാമെന്നാണ് പോലീസിന്റെ സംശയം. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.











