വിരാട് കോഹ്‌ലി ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരമാണെന്ന് പ്രശംസിച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി. വരാനിരിക്കുന്ന 2027 ഏകദിന ലോകകപ്പിൽ കോഹ്‌ലിയും രോഹിത് ശർമ്മയും ഇന്ത്യൻ ടീമിന്റെ ഭാഗമാകണമെന്നും അവർക്ക് ടീമിനായി വലിയ മുന്നേറ്റങ്ങൾ ഉണ്ടാക്കാൻ സാധിക്കുമെന്നും ഗാംഗുലി അഭിപ്രായപ്പെട്ടു.
ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ, നമീബിയ എന്നിവിടങ്ങളിലായി നടക്കാനിരിക്കുന്ന ലോകകപ്പിന് ഇനിയും സമയമുണ്ടെങ്കിലും നിലവിൽ ഏകദിന ഫോർമാറ്റിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഇരുവർക്കും ആവശ്യത്തിന് വിശ്രമവും ഉന്മേഷവും നൽകുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സ്വന്തം ശൈലിയിൽ മികച്ച രീതിയിൽ ടൂർണമെന്റ് അവസാനിപ്പിക്കാൻ കോഹ്‌ലിക്ക് സാധിക്കുമെന്നാണ് ഗാംഗുലിയുടെ വിലയിരുത്തൽ.
ഏകദിന ലോകകപ്പ് ചരിത്രത്തിൽ നിലവിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ താരമാണ് വിരാട് കോഹ്‌ലി. 2023 ലെ ലോകകപ്പിൽ 11 മത്സരങ്ങളിൽ നിന്ന് 765 റൺസ് നേടി ഒരു സിംഗിൾ എഡിഷനിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന റെക്കോർഡും കോഹ്‌ലി സ്വന്തമാക്കിയിരുന്നു. അടുത്ത ലോകകപ്പിൽ സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ് മറികടന്ന് ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബാറ്ററാകാനുള്ള അവസരവും കോഹ്‌ലിക്ക് മുന്നിലുണ്ട്. ഇന്ത്യ 2027 ലെ ലോകകപ്പ് നേടുകയാണെങ്കിൽ ഒന്നിൽ കൂടുതൽ ഏകദിന ലോകകപ്പുകൾ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരമെന്ന അപൂർവ നേട്ടവും 2011 ലോകകപ്പ് വിജയത്തിൽ പങ്കാളിയായ കോഹ്‌ലിയെ തേടിയെത്തും.












