ഔഗഡൗഗൗ: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ബുർക്കിന ഫാസോയിൽ ഭീകരാക്രമണത്തിൽ 160 പേർ കൊല്ലപ്പെട്ടു. 2015നു ശേഷം പടിഞ്ഞാറൻ ആഫ്രിക്കയിൽ ഇത്തരത്തിൽ ഒരു കൂട്ടക്കുരുതി ഇതാദ്യമായാണ്.
മാലി, നൈഗർ എന്നീ രാജ്യങ്ങളുമായി ബുർക്കിന ഫാസോ അതിർത്തി പങ്കിടുന്ന സൊൽഹാൻ മേഖലയിലെ മൂന്നു കുഴിമാടങ്ങളിൽ നിന്നാണ് 160 മൃതദേഹങ്ങൾ കണ്ടെടുത്തതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അൽ ഖായിദ, ഐ എസ് ഭീകര സംഘടനകളുമായി ബന്ധമുള്ളവർ താദാര്യത്ത് എന്ന ഗ്രാമത്തിലെ 14 പേരെ വെള്ളിയാഴ്ച വധിച്ചിരുന്നു. ഇതിന്റെ തുടർച്ചയായി ശനിയാഴ്ചയും ഉണ്ടായ ആക്രമണത്തിലാണ് കൂടുതൽ പേർ കൊല്ലപ്പെട്ടതെന്നാണ് വിവരം. മേഖലയിൽ നിരവധി പേർ വീടുപേക്ഷിച്ച് പലായനം ചെയ്തു.
കൂട്ടക്കുരുതി ഐക്യരാഷ്ട്ര സംഘടന അപലപിച്ചു. സാധാരണക്കാർക്കു നേരെ നീചവും മാപ്പർഹിക്കാത്തതുമായ ആക്രമണമാണ് ഉണ്ടായതെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.












