പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തിന് കീഴിൽ ഇന്ത്യ കൈവരിച്ച ഊർജ്ജ വികസനത്തെയും നേട്ടങ്ങളെയും വാനോളം പുകഴ്ത്തി ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ്. ലോക ചരിത്രത്തിൽ മറ്റേതൊരു കാലഘട്ടത്തേക്കാളും രാജ്യത്തേക്കാളും കൂടുതൽ ആളുകൾക്ക് ഊർജ്ജ ലഭ്യത ഉറപ്പാക്കാൻ നരേന്ദ്ര മോദിയുടെ ഭരണത്തിന് കീഴിൽ സാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം പ്രസ്താവിച്ചു. ന്യൂയോർക്കിൽ നടന്ന ഏഷ്യ സൊസൈറ്റി പോളിസി ഇൻസ്റ്റിറ്റ്യൂട്ട് പരിപാടിയിൽ സംസാരിക്കവെയാണ് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഊർജ്ജ നയങ്ങളെ പരസ്യമായി പ്രശംസിച്ചത്.
ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം എക്കാലത്തെയും ശക്തമായ അവസ്ഥയിലാണെന്നും നരേന്ദ്ര മോദിയുമായി വ്യക്തിപരമായി വളരെ അടുത്ത സൗഹൃദമുണ്ടെന്നും അൽബനീസ് ചൂണ്ടിക്കാട്ടി. ആഗോളതലത്തിൽ എണ്ണ വിതരണത്തിലും ഊർജ്ജ മേഖലയിലും വലിയ പ്രതിസന്ധികൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ വിലയിരുത്തൽ വന്നിരിക്കുന്നത്. പശ്ചിമേഷ്യയിലെ യുദ്ധവും ഹോർമുസ് കടലിടുക്കിലെ ഗതാഗത തടസ്സങ്ങളും പല രാജ്യങ്ങളെയും ബാധിച്ചപ്പോഴും തന്ത്രപരമായ നിലപാടുകളിലൂടെ ഇന്ത്യ ഊർജ്ജ സുരക്ഷ ഉറപ്പാക്കിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ വിലയിരുത്തുന്നു.
ഇന്ത്യൻ ജനതയ്ക്ക് ആവശ്യമായ ഇന്ധനവും ഊർജ്ജവും ലഭ്യമാക്കുന്നതിനായി ഊർജ്ജ ഇറക്കുമതി സ്രോതസ്സുകൾ ഇന്ത്യ വൻതോതിൽ വിപുലീകരിച്ചിരുന്നു. മുൻപ് 27 രാജ്യങ്ങളിൽ നിന്ന് മാത്രം എണ്ണയും ഗ്യാസും ഇറക്കുമതി ചെയ്തിരുന്ന ഭാരതം ഇപ്പോൾ 41 രാജ്യങ്ങളിൽ നിന്നാണ് ഇവ ലഭ്യമാക്കുന്നത്. ഉജ്ജ്വല യോജന, സൗഭാഗ്യ പദ്ധതി, പ്രധാനമന്ത്രി സൂര്യഘർ പദ്ധതി തുടങ്ങിയ ജനക്ഷേമകരമായ പ്രവർത്തനങ്ങളിലൂടെ കോടിക്കണക്കിന് സാധാരണക്കാരുടെ വീടുകളിലേക്ക് വൈദ്യുതിയും പാചകവാതകവും എത്തിക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ടെന്നത് ആഗോളതലത്തിൽ ശ്രദ്ധ നേടിയിട്ടുണ്ട്.








