പാലക്കാട്: നെന്മാറയിൽ യുവതിയെ പത്ത് വര്‍ഷമായി മുറിയിൽ അടച്ചിട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി യുവാവിന്റെ മാതാപിതാക്കള്‍ രംഗത്ത്. കാമുകിയെ തന്റെ മുറിയിലാണ് ഒളിപ്പിച്ചതെന്ന റഹ്മാന്റെ വാദങ്ങള്‍ തള്ളിക്കൊണ്ട് യുവാവിന്റെ മുറിയിലെ ഓരോ കാര്യങ്ങളും തെളിവ് സഹിതം അവര്‍ ചൂണ്ടിക്കാട്ടി. ആഹാരം പോലും ഒരാള്‍ക്ക് കഴിക്കാനുള്ളതാണ് മകന്‍ എടുക്കാറുള്ളതെന്ന് ഇവര്‍ പറയുന്നു.
ചില സമയങ്ങള്‍ ഒപ്പമിരുന്ന് കഴിക്കാറുണ്ടെന്നും ചിലപ്പോള്‍ മാത്രമാണ് മുറിക്കകത്തേക്ക് ഭക്ഷണം കൊണ്ട് പോകുന്നതെന്നും ഇവര്‍ പറയുന്നു. റഹ്‌മാന്‍ ഇവരെ മറ്റെവിടെയെങ്കിലും ആയിരിക്കാം പാര്‍പ്പിച്ചിരുന്നത് എന്നും അഥവാ ഇവിടെ കൊണ്ടുവന്നെങ്കിലും വളരെ കുറച്ചു ദിവസം ഉണ്ടായിരുന്നിരിക്കാം എന്നുമാണ് മാതാപിതാക്കളുടെ പക്ഷം. റഹ്മാന്‍ മിക്കപ്പോഴും ജോലിക്കു പോയിരുന്നില്ലെന്നും ഇവര്‍ പറയുന്നു. ഇരുവരും പറഞ്ഞു പഠിപ്പിച്ചത് പോലെയാവാം കാര്യങ്ങള്‍ മാധ്യമങ്ങളോട് പറയുന്നതെന്നും ഇവര്‍ പറയുന്നു.
ഇതോടെ, യുവതിയെ ഒളിപ്പിച്ച സംഭവത്തെ കുറിച്ച് യുവാവ് പറഞ്ഞ വാദങ്ങളെല്ലാം നുണയാണെന്ന് വ്യക്തമാവുകയാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
അതേസമയം ഇത് സമൂഹമനസ്സാക്ഷിയെ ഞെട്ടിക്കുന്ന, കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് കേരള വനിതാ കമ്മിഷന്‍ വിലയിരുത്തി. കൂടാതെ സംഭവത്തില്‍ വനിതാ കമ്മീഷന്‍ കേസെടുക്കുകയും ചെയ്തു. സൂര്യപ്രകാശം പോലും ഏല്‍ക്കാതെ യുവതിയെ ഇവിടെ പാര്‍പ്പിച്ചതില്‍ കമ്മിഷന് അംഗം അഡ്വ. ഷിജി ശിവജി സ്ഥലം സന്ദര്‍ശിച്ച് തെളിവെടുപ്പ് നടത്തും. സജിത എന്ന യുവതി അയല്‍വാസിയായ റഹ്മാന് എന്ന യുവാവിനൊപ്പം ഇത്രയും കാലം അയാളുടെ വീട്ടിലെ ഒരു മുറിക്കുള്ളില് പുറംലോകവുമായി ബന്ധമില്ലാതെയും ആരും അറിയാതെയും ഇതിനുള്ളില്‍ കഴിഞ്ഞുവെന്ന വാര്‍ത്ത അവിശ്വസനീയവും യുക്തിക്ക് നിരക്കാത്തതുമാണ് എന്നും കമ്മീഷന്‍ പറയുന്നു.
Discussion about this post