ലണ്ടന്‍: വികസ്വര രാജ്യങ്ങളില്‍ ചൈന നടപ്പാക്കുന്ന ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനീഷ്യേറ്റീവ് പദ്ധതിയെ മറികടക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിച്ച് ജി7 രാജ്യങ്ങള്‍. ജി7 ഉച്ചകോടി ദരിദ്ര രാജ്യങ്ങളില്‍ മൂല്യങ്ങള്‍ അടിസ്ഥാനമാക്കിയുള്ളതും ഉയര്‍ന്ന നിലവാരമുള്ളതും സുതാര്യവുമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനുള്ള പദ്ധതിയാണ് സ്വീകരിക്കുക.
ചൈനയുമായുള്ള തന്ത്രപരമായ മത്സരത്തെ നേരിടാനും ദരിദ്രവും വികസ്വരവുമായ രാജ്യങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളുടെ ആവശ്യകത നിറവേറ്റാനുമുള്ള നടപടി സ്വീകരിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ നേതൃത്വത്തില്‍ ജി7 രാജ്യങ്ങള്‍ നീക്കം നടത്തുന്നതായി വൈറ്റ് ഹൗസ് അറിയിച്ചു. യു.എസിന്റെ ‘ബില്‍ഡ് ബാക്ക് ബെറ്റര്‍ വേള്‍ഡ്’ പദ്ധതി കടമെടുത്തായിരിക്കും ഇത് നടപ്പാക്കുക.
ഏഷ്യ, ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലെ രാജ്യങ്ങളിലാണ് ചൈന പണം നല്കി വികസനങ്ങള്‍ നടപ്പാക്കുന്നത്. ഇത് ചെറു രാജ്യങ്ങളെ അനിയന്ത്രിതമായ കടബാധ്യതയിലാക്കാണ് ചൈന എത്തിക്കുന്നതെന്ന് വ്യാപക വിമര്‍ശനമുണ്ട്. ചൈനയുടെ സാമ്പത്തിക – രാഷ്ട്രീയ സ്വാധീനം വര്‍ധിപ്പിക്കാന്‍ പ്രസിഡന്റ് സിന് ജിന്‍പിംഗ് 2013-ലാണ് ബി.ആര്.ഐ പദ്ധതി ആരംഭിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനൊപ്പം തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ഈ രാജ്യങ്ങളില്‍ വിറ്റഴിക്കാന്‍ ചൈനക്ക് സാധിച്ചു. വിശാലമായ നിക്ഷേപ പദ്ധതിയില്‍ അടിസ്ഥാന സൗകര്യ വികസനമല്ലാതെ മറ്റു ഉദ്ദേശ്യങ്ങളൊന്നും ഇല്ലെന്നാണ് ചൈന പറയുന്നത്.
എന്നാല്‍, കടം കൊടുത്ത് കെണിയില്‍ പെടുത്തുന്ന പദ്ധതിയാണ് ഇതെന്ന് വിമര്‍ശകര്‍ കുറ്റപ്പെടുത്തുന്നു. പണം തിരിച്ചുനല്‍കാനാവാതെ ഈ രാജ്യങ്ങള്‍ ചൈനയുടെ ചൊല്‍പ്പടിക്ക് നില്‍ക്കേണ്ടി വരും. ചൈനയുടെ ഈ നയത്തിന് മറുപടി നല്‍കുക എന്ന ഉദ്ദേശ്യത്തോടെയാണ് ജി7 ഉച്ചകോടിയില്‍ പുതിയ പദ്ധതി മുന്നോട്ടുവെച്ചത്.
വികസ്വര രാജ്യങ്ങള്‍ക്ക് 40 ട്രില്യണ്‍ ഡോളറിലധികം വരുന്ന അടിസ്ഥാന സകര്യങ്ങള്‍ വേണമെന്നും കോവിഡ് സാഹചര്യം ഇതിന്‍െറ ആവശ്യകത വര്‍ധിപ്പിച്ചെന്നും വൈറ്റ് ഹൗസ് പറയുന്നു. വരും വര്‍ഷങ്ങളില്‍ ദരിദ്ര, വികസ്വര രാജ്യങ്ങള്‍ക്കായി നൂറുകണക്കിന് ബില്യണ്‍ ഡോളര്‍ അടിസ്ഥാന സൗകര്യ നിക്ഷേപം ബില്‍ഡ് ബാക്ക് ബെറ്റര്‍ വേള്‍ഡ് പദ്ധതി വഴി നടപ്പാക്കും.
പരിസ്ഥിതി, കാലാവസ്ഥ, തൊഴില്‍ സുരക്ഷ, സുതാര്യത, അഴിമതി വിരുദ്ധത എന്നിവക്ക് പ്രാധാന്യം നല്‍കിയായിരിക്കും ധനസഹായം. ചൈനയുടേതില്നിന്ന് വ്യത്യസ്തമായി ഏറെ സുതാര്യമായിരിക്കും നിക്ഷേപം. ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ ഞായറാഴ്ച നടക്കുന്ന ജി7 ഉച്ചകോടിയുടെ അന്തിമപ്രസ്താവനയില് ഉണ്ടാകുമെന്നും വൈറ്റ് ഹൗസ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, ചൈനയുടെ സഹായം സ്വീകരിച്ച രാജ്യങ്ങളിലൊന്നാണ് ജി7ലുള്ള ഇറ്റലി. 2019-ലാണ് ചൈനയും ഇറ്റലിയും കരാറില്‍ ഒപ്പുവെച്ചത്. ഇത് അമേരിക്കയെയും യൂറോപ്യന്‍ യൂണിയനെയും ഏറെ പ്രകോപിപ്പിച്ചിരുന്നു. യൂറോപ്യന്‍ യൂനിയനിലെ അംഗമായ ഗ്രീസും ചൈനയുമായി കരാറില്‍ ഒപ്പുവെച്ചിട്ടുണ്ട്.
Discussion about this post