ഗാസിയാബാദ് (യു.പി): ക്ഷേത്രത്തിന് സമീപത്തിരുന്ന് മദ്യപിക്കുകയും മാംസാഹാരം കഴിക്കുകയും ചെയ്തതിനെ ചോദ്യം ചെയ്ത യുവാവിനെ മൂന്നംഗ മദ്യപ സംഘം തല്ലിക്കൊന്നു. മീററ്റ് സ്വദേശിയും ക്ഷേത്രത്തിലെ ശുചീകരണ തൊഴിലാളിയുമായ പ്രവീണ്‍ സൈയ്നി (22) ആണ് കൊല്ലപ്പെട്ടത്. ഗുരുതര പരിക്കേറ്റ പ്രവീണ്‍ ഞായറാഴ്ച ആശുപത്രിയിലാണ് മരിച്ചത്. സുഹൃത്തുക്കളായ രണ്ട് പേര്‍ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. സംഭവത്തില്‍ സൈനികന്‍ ഉള്‍പ്പെടെ മൂന്നു പേരെ ഗാസിയാബാദ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ക്ഷേത്രത്തിന് സമീപത്തുള്ള പുണ്യസ്ഥലമായ ഗാംഗ്നഹര് ഖട്ടിലിരുന്ന് പ്രതികള്‍ മദ്യത്തോടൊപ്പം മാംസാഹാരം കഴിച്ചത് ക്ഷേത്രത്തിലെ ശുചീകരണ തൊഴിലാളി കൂടിയായ പ്രവീണും സുഹൃത്തുക്കളും ചോദ്യം ചെയ്തിരുന്നു. പ്രതികളോട് മറ്റൊരിടത്തേക്ക് മാറണമെന്ന് ആവശ്യപ്പെട്ടതോടെ വാക്തര്‍ക്കമായി. നാട്ടുകാര്‍ ഇടപെട്ടതോടെ പിരിഞ്ഞുപോയ അക്രമി സംഘം ഇരുമ്പ് വടികളും മറ്റുമായെത്തി പ്രവീണിനെയും സുഹൃത്തുക്കളേയും ക്രൂരമായി മര്‍ദിക്കുകയായിരുന്നു. തലക്കേറ്റ പരിക്കാണ് പ്രവീണിന്റെ മരണത്തിനിടയാക്കിയതെന്ന് പൊലീസ് വ്യക്തമാക്കി.
Discussion about this post