വിഴിഞ്ഞം: രണ്ടര വയസ്സുള്ള കുട്ടിയുടെ ഫോട്ടോ ഉപയോഗിച്ച് ചികിത്സ സഹായം തേടി തട്ടിപ്പ് നടത്താന്‍ ശ്രമിച്ച പഴയകട പുറുത്തിവിള സ്വീറ്റ് ഹോംവീട്ടില്‍ അഭിരാജിനെ (25) പൂവാര്‍ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് വയസ്സുള്ള കുഞ്ഞിന് ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സക്കായി 75 ലക്ഷം രൂപ വേണമെന്ന് ആവശ്യപ്പെട്ടാണ് ഇയാള്‍ സമൂഹമാധ്യമങ്ങളിലൂടെ സന്ദേശം പ്രചരിപ്പിച്ചത്.
പൂവാര്‍ സ്വദേശിയുടെ രണ്ടരവയസ്സുള്ള മകന്റെ ഫോട്ടോ വാട്സ്ആപ് ഗ്രൂപ്പില്നിന്നെടുത്താണ് ഇയാൾ ഉപയോഗിച്ചത് . സഹായം സ്വീകരിക്കാനായി സ്വന്തം ബാങ്ക് അക്കൗണ്ട് നമ്പർ തന്നെയാണ് ഉപയോഗിച്ചിരുന്നത്. ചികിത്സാസഹായ അഭ്യര്‍ഥന വ്യാപകമായി പ്രചരിച്ചതോടെ കുട്ടിയുടെ വീട്ടുകാര്‍ വിവരമറിഞ്ഞു. തുടര്‍ന്ന് കുട്ടിയുടെ പിതാവ് പൂവാര്‍ പൊലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അഭിരാജ് പിടിയിലായത്.
അടുത്തകാലത്ത് കണ്ണൂര്‍ സ്വദേശിയായ കുട്ടിയുടെ ചികിത്സ സഹായമായി 18 കോടിയോളം രൂപ ലഭിച്ചിരുന്ന വാർത്തയാണ് വേഗത്തില്‍ പണമുണ്ടാക്കാനായി ചികിത്സാ സഹായ തട്ടിപ്പ് നടത്താന്‍ പ്രേരിപ്പിച്ചതെന്ന് പ്രതി പറഞ്ഞതായി പൊലീസ് പറഞ്ഞു. സംഭവത്തില്‍ മറ്റാരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ച് വരുന്നതായി പൂവാര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ എസ്.ബി. പ്രവീണ്‍ പറഞ്ഞു. കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു.
Discussion about this post