മുംബൈ: പാമ്പിനെ കഴുത്തിൽ ചുറ്റി പ്രദർശനം നടത്തിയ യുവാവ് പാമ്പ് കടിയേറ്റ് മരിച്ചു. മൂന്നു തവണ കടിയേറ്റ മഹാരാഷ്ട്രയിലെ താനെയിലാണ് മുഹമ്മദ് ഷെയ്ഖ് (28) ആണ് മരിച്ചത്. താനെ ജില്ലയിലെ സഞ്ജയ് നഗറിലെ മാർക്കറ്റിൽ പ്രദർശനം നടത്തുന്നതിനിടെയായിരുന്നു ദാരുണ സംഭവം.
പാമ്പുകളുമായി ഇയാൾ പ്രദർശനം നടത്തുന്നത് പതിവായിരുന്നു. വിഷപ്പാമ്പുകളെ ഉപയോഗിച്ച് പ്രദർശനം നടത്തുന്നതിനിടെ നേരത്തെയും ഇയാൾക്ക് കടിയേറ്റിട്ടുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം മൂർഖൻ പാമ്പുമായി നടത്തിയ അഭ്യാസം യുവാവിന്‍റെ അന്ത്യത്തിന് കാരണമാകുകയായിരുന്നു. പ്രദേശത്തെ അറിയപ്പെടുന്ന പാമ്പ് പിടുത്തക്കാരനായിരുന്നു ഇയാൾ.
കഴിഞ്ഞ ദിവസം സഞ്ജയ് നഗർ മാർക്കറ്റിലൂടെ പാമ്പിനെ കഴുത്തിൽ ചുറ്റു നടന്നു നീങ്ങുകയായിരുന്നു മുഹമ്മദ് ഷെയ്ഖ്. എന്നാൽ നടക്കുന്നതിനിടെ അസ്വസ്ഥത തോന്നിയ മുഹമ്മദ് ഷെയ്ഖ് സുഹൃത്തുക്കളോട് വിവരം പറയുകയായിരുന്നു. ഉടൻ തന്നെ കുഴഞ്ഞു വീണ ഇദ്ദേഹത്തെ തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചെങ്കിലും നേരത്തെ തന്നെ മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ അറിയിക്കുകയായിരുന്നു.










