തിരുവനന്തപുരം: സ്വർണ വ്യാപാരിയുടെ കാർ തടഞ്ഞ് നിർത്തി സ്വർണം കവർന്ന കേസിലെ മുഖ്യ ആസൂത്രകനുള്‍പ്പെടെ മൂന്നു പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. ഏപ്രിൽ ഒമ്പതിന് രാത്രി ദേശീയപാതയില്‍ പള്ളിപ്പുറത്തിന് സമീപത്തായി സ്വര്‍ണ വ്യാപാരിയുടെ കാര്‍ തടഞ്ഞ് വെട്ടിപ്പരിക്കേല്‍പ്പിച്ച് സ്വര്‍ണം കവര്‍ച്ച ചെയ്ത കേസിൽ സന്തോഷ് ക്ലമന്റ്, സതീഷ്‌കുമാര്‍, അജീഷ് എന്നിവരെയാണ് മംഗലപുരം പോലീസ് തമിഴ്നാട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തത്.
സ്വര്‍ണവ്യാപാരിയായ സമ്പത്തിന്റെ നെയ്യാറ്റിന്‍കര ജുവലറിയിലെ ജീവനക്കാരനാണ് അജീഷ്. സമ്പത്ത് മറ്റു ജുവലറികളിലേക്ക് സ്വർണം കൊണ്ടു പോകുന്നതിനൊപ്പം തന്നെ പണവും കൊണ്ട് പോകാറുണ്ടെന്ന വിവരം അജീഷ് സുഹൃത്തും ലോറിഡ്രൈവറുമായ സതീശനോട് പറയുകയായിരുന്നു. സതീശനാണ് ചെന്നൈയില്‍ താമസമാക്കിയ റിയല്‍ എസ്റ്റേറ്റുകാരനായ സന്തോഷിനോട് വിവരം പറഞ്ഞ് കവര്‍ച്ചക്കുള്ള പദ്ധതി തയ്യാറാക്കിയത്. സന്തോഷിന്റെ നേതൃത്വത്തിലാണ് കഴക്കൂട്ടത്തെ ക്വട്ടേഷന്‍ സംഘത്തെ കൊണ്ട് കവര്‍ച്ച നടപ്പാക്കിയത്. കവര്‍ച്ചക്കുള്ള സ്ഥലം തിരുവനന്തപുരം ജില്ലയില്‍ ആയതിനാലാണ് കഴക്കൂട്ടത്തുള്ള സംഘത്തെ സന്തോഷ് കവര്‍ച്ചക്കായി ഉപയോഗിച്ചത്.
ഇതിനായി സംഘം രണ്ട് മാസത്തോളം സ്വര്‍ണ വ്യാപാരിയായ സമ്പത്തിന്റെ യാത്രകള്‍ മനസ്സിലാക്കി തയ്യാറെടുപ്പ് നടത്തി. ഏപ്രില്‍ ഒമ്പതിന് രാത്രി കാറുകളിലും ബൈക്കുകളിലുമായി എത്തി സംഘം സമ്പത്തിന്റെ വാഹനം തടഞ്ഞ് വെട്ടിപരിക്കേല്‍പ്പിച്ച് കാര്‍ ഉള്‍പ്പെടെ തട്ടിയെടുക്കാനായിരുന്നു പദ്ധതി ഇട്ടിരുന്നത്. എന്നാൽ വാഹനം സ്റ്റാര്‍ട്ട് ആകാത്തതിനാല്‍ സ്വര്‍ണം അടങ്ങിയ ബാഗ് തട്ടിയെടുത്ത് സമ്പത്തിനെ വെട്ടി പരുക്കേല്‍പ്പിച്ച് വാഹനത്തിന്റെ ഡ്രൈവറെയും സമ്പത്തിന്റെ ബന്ധുവിനേയും മര്‍ദ്ദിച്ച് വാഹനങ്ങളില്‍ കയറ്റികൊണ്ട് പോയി പോത്തന്‍കോടിന് സമീപം ഉപേക്ഷിക്കുകയായിരുന്നു.
തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം ആറ്റിങ്ങല്‍ ഡി.വൈ.എസ്.പി സുനീഷ് ബാബുവിന്റെയും, ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി. എം.കെ. സുല്‍ഫിക്കറിന്റെയും നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് കേസിന്റെ അന്വേഷണം ശക്തമാക്കിയിരുന്നു. ഇപ്പോള്‍ അറസ്റ്റിലായവരെ കൂടാതെ ഈ കേസില്‍ ഉള്‍പ്പെട്ട പതിനഞ്ച് പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിട്ടുണ്ട്.
കവര്‍ച്ചയുമായി ബന്ധപ്പെട്ട് നാല്‍പ്പത് പവനോളം സ്വര്‍ണവും ആറ് കാറുകളും രണ്ട് ഇരുചക്ര വാഹനവും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇതിനൊപ്പം സ്വര്‍ണ വ്യാപാരിയുടെ വാഹനത്തില്‍ ഉണ്ടായിരുന്ന കണക്കില്ലാതെ സൂക്ഷിച്ചിരുന്ന എഴുപത്തിയഞ്ച് ലക്ഷം രൂപയും കണ്ടെടുത്ത് കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു.
മംഗലാപുരം പോലീസ് ഇന്‍സ്‌പെക്ടര്‍ എച്ച്.എല്‍. സജീഷ് , എ.എസ്.ഐമാരായ എസ്.ജയന്‍, റ്റി.എസ്. ഫ്രാങ്ക്ലിന്‍ ഷാഡോ ഡാന്‍സാഫ്, സബ് ഇന്‍സ്‌പെക്ടര്‍ എം. ഫിറോസ്ഖാന്‍, എ.എസ്.ഐമാരായ ബി.ദിലീപ്, ആര്‍. ബിജുകുമാര്‍ എന്നിവര്‍ തമിഴ്‌നാട്ടിലെ വിവിധയിടങ്ങളില്‍ താമസിച്ച് നടത്തിയ വിദഗ്ധമായ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.
Discussion about this post