പട്ന: കടിച്ച പാമ്പിനെ മദ്യലഹരിയിൽ തിരിച്ചു കടിച്ചു. എന്നിട്ടും അരിശം തീരാതെ അറുപത്തിയഞ്ചുകാരൻ പാമ്പിനെ വായിലിട്ട് ചവച്ചരച്ചു. തുടർന്ന് ഉറങ്ങാൻ കിടന്ന ഇയാൾ വിഷബാധ മൂലം മരിച്ചു.
ബിഹാറിലെ നളന്ദ ജില്ലയിലെ മധോദേഹ് ഗ്രാമത്തിലെ രാമ മഹ്തോ ആണ് മരിച്ചത്. അണലിക്കുഞ്ഞിന്റെ കടിയേറ്റായിരുന്നു മരണം. ഞായറാഴ്ച വീടിന് മുന്നിൽ മദ്യപിച്ച് ഇരിക്കുകയായിരുന്ന രാമ മഹ്തോയെ ഇഴഞ്ഞെത്തിയ അണലിക്കുഞ്ഞ് കാലിൽ കടിക്കുകയായിരുന്നു.
കടിച്ച അണലിക്കുഞ്ഞിനെ ഓടിച്ചിട്ട് പിടിച്ച ശേഷം ഇയാൾ തിരിച്ചുകടിച്ചു. അണലിക്കുഞ്ഞം വിട്ടില്ല. ഈ സമയം പത്തിലേറെ തവണ പാമ്പ് ഇയാളുടെ മുഖത്തും കടിച്ചു.
ഇതോടെ അരിശം മൂത്ത മഹ്തോ വായിലിട്ട് ചവച്ച് അരച്ച് പാമ്പിനെ കൊന്നു. പിന്നീട് ചത്ത പാമ്പിനെ വീടിന് മുന്നിലുള്ള മരക്കൊമ്പിൽ തൂക്കിയിട്ടു. വിഷപ്പാമ്പായതിനാൽ ആശുപത്രിയിൽ പോകാൻ വീട്ടുകാർ നിർബന്ധിച്ചെങ്കിലും മഹ്തോ വഴങ്ങിയില്ല.
പാമ്പിൻ കുഞ്ഞായത് കൊണ്ട് വിഷമില്ലെന്നായിരുന്നു ഇയാൾ കരുതിയത്. ഞായറാഴ്ച വൈകിട്ട് ഉറങ്ങാൻ കിടന്ന മഹ്തോ തിങ്കളാഴ്ച ഉണർന്നില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്തു.










