ഡല്‍ഹി: ആഭ്യന്തര വിമാനയാത്രാ മാര്‍ഗനിര്‍ദേശങ്ങൾ പുതുക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശം പ്രകാരം രണ്ടു ഡോസ് വാക്സിന് സ്വീകരിച്ച് 15 ദിവസം കഴിഞ്ഞവര്‍ക്ക് രോഗ ലക്ഷണങ്ങളില്ലെങ്കില്‍ സംസ്ഥാനന്തര യാത്രകള്‍ നടത്തുന്നതിന് ആര്‍ടിപിസിആര്‍, റാപ്പിഡ് പരിശോധനകള്‍ എന്നിവ നിര്‍ബന്ധമില്ല. എന്നാല്‍ ഇവര്‍ രണ്ടാം ഡോസ് സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് കരുതണം.
എന്നാല്‍ ഇപ്പോളും രോഗ ലക്ഷണങ്ങളുള്ളവര്‍ യാത്ര ചെയ്യാന്‍ പാടില്ല. കൂടാതെ മാസ്ക്, സാനിറ്റൈസര്‍, ശാരീരിക അകലം, തെര്‍മല്‍ സ്ക്രീനിംഗ് എന്നിവയും നിര്‍ബന്ധമാണ്. നിലവിലും യാത്രക്കാരുടെ ക്വാറന്റീന്, ഐസലേഷന്‍ എന്നിവയുടെ കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് തന്നെ തീരുമാനമെടുക്കാന്‍ പൂര്‍ണ അധികാരമുണ്ട്.
യാത്രക്കാര്‍ തങ്ങളുടെ സംസ്ഥാനത്ത് എത്തുമ്പോള്‍ രോഗലക്ഷണങ്ങളുണ്ടെങ്കില്‍ റാപ്പിഡ് ആന്റിജന്‍ പരിശോധന നടത്തി അധികൃതരെ അറിയിക്കണം. എന്നാല്‍ ലക്ഷണങ്ങളില്ലെങ്കില്‍ 14 ദിവസം സ്വയം നിരീക്ഷണത്തില്‍ പോകുകയും വേണം.
മുന്‍പ് കര്‍ണാടക, ഗോവ തുടങ്ങിയ സംസ്ഥാനങ്ങള്‍ കേരളത്തില്‍ നിന്ന് വരുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് പരിശോധനഫലം നിര്‍ബന്ധമാക്കിയിരുന്നു. കൂടാതെ വിമാനങ്ങളില്‍ മൂന്ന് സീറ്റുകളുടെ നിരയില്‍ നടുവില്‍ ഇരിക്കുന്ന യാത്രക്കാര്‍ക്ക് പിപിഇ കിറ്റോ, ശരീരാവരണമോ നിര്‍ബന്ധമായിരുന്നു. ഇതെല്ലം ഒഴിവാക്കിയാണ് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയത്.
Discussion about this post