മുംബൈ: ആര്യന്‍ ഖാന്‍ പ്രതിയായ ലഹരിമരുന്ന് കേസില്‍ സമീര്‍ വാംഖഡെയ്ക്ക് പകരം ഇനി അന്വേഷണം നടത്തുക എന്‍.സി.ബി. ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ (ഓപ്പറേഷന്‍സ്) ആയ സഞ്ജയ് കുമാര്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി)യുടെ സെന്‍ട്രല്‍ യൂണിറ്റില്‍ നിന്നുള്ള പ്രത്യേക സംഘം. ആര്യന്‍ ഖാന്റെ കേസിന് പുറമേ എന്‍.സി.ബി. മുംബൈ യൂണിറ്റ് അന്വേഷിക്കുന്ന അഞ്ച് കേസുകള്‍ കൂടി സെന്‍ട്രല്‍ യൂണിറ്റ് ഏറ്റെടുക്കും.
സമീര്‍ ഖാനെതിരേയുള്ള ലഹരിമരുന്ന് കേസ്, മുംബൈയില്‍നിന്ന് മെഫെഡ്രോണ്‍ ലഹരിമരുന്ന് പിടികൂടിയത്, ജോഗേശ്വരിയില്‍നിന്ന് കഞ്ചാവ് പിടിച്ചെടുത്ത സംഭവം, ഡോങ്രി ലഹരിമരുന്ന് കേസ്, നടന്‍ അര്‍മാന്‍ കോലി പ്രതിയായ ലഹരിമരുന്ന് കേസ് എന്നിവയാണ് സെന്‍ട്രല്‍ യൂണിറ്റ് ഏറ്റെടുക്കുന്നത്. അതേസമയം, സമീര്‍ വാംഖഡെയെ അന്വേഷണച്ചുമതലയില്‍ നിന്ന് മാറ്റിയെങ്കിലും അദ്ദേഹം പുതിയ സംഘത്തെ സഹായിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
കൈക്കൂലി ആരോപണങ്ങളും മറ്റും വിവാദങ്ങളും ഉയര്‍ന്നതോടെയാണ് എന്‍.സി.ബി. മുംബൈ സോണല്‍ ഡയറക്ടറായ സമീര്‍ വാംഖഡെയെ ആര്യന്‍ ഖാന്റെ കേസില്‍നിന്നുള്‍പ്പെടെ മാറ്റിനിര്‍ത്തിയത്. ഇതോടെ മുന്‍ സി.ബി.ഐ. ഉദ്യോഗസ്ഥനും എന്‍.സി.ബി. ഡെപ്യൂട്ടി ഡയറക്ടര്‍ ജനറലുമായ സഞ്ജയ് സിങ്ങിന് അന്വേഷണച്ചുമതല നല്‍കുകയായിരുന്നു.










