ഇന്ത്യ–വെസ്റ്റ് ഇൻഡീസ് ഏകദിന മത്സരം നടക്കുന്ന തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം ഉറപ്പാക്കി തിരുവനന്തപുരം കോർപ്പറേഷൻ. കഴിഞ്ഞ മത്സരത്തിനിടെ കുടിവെള്ളത്തിനും ശീതളപാനീയങ്ങൾക്കും അമിത വില ഈടാക്കിയെന്ന പരാതികളുടെ പശ്ചാത്തലത്തിലാണ് പുതിയ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരം മേയർ അഡ്വ. വി.വി. രാജേഷാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ മത്സരത്തിനിടെ കുടിവെള്ളത്തിന് ലിറ്ററിന് 100 രൂപ വരെ ഈടാക്കിയതായും കോൾഡ് ഡ്രിങ്കുകൾക്ക് ആദ്യം 60 രൂപ ഈടാക്കിയ ശേഷം പിന്നീട് 200 മുതൽ 250 രൂപ വരെ വില വർധിപ്പിച്ചതായും പരാതികൾ ഉയർന്നിരുന്നു. ഇതിനെ തുടർന്നാണ് കോർപ്പറേഷൻ ഓഫീസിൽ കെസിഎ, പൊലീസ്, ആരോഗ്യവിഭാഗം ജീവനക്കാർ, ബിസിസിഐയിൽ നിന്ന് ശീതളപാനീയ വിൽപ്പനയ്ക്കുള്ള കരാർ നേടിയ ക്യാമ്പ കോള ഏജൻസി എന്നിവരുടെ യോഗം ചേർന്നത്. യോഗത്തിലെ തീരുമാനപ്രകാരം സ്റ്റേഡിയത്തിലെ ഗ്യാലറിക്ക് ചുറ്റുമായി 70 കേന്ദ്രങ്ങളിലാണ് സൗജന്യ കുടിവെള്ളം ഒരുക്കിയിരിക്കുന്നത്. ഒരാൾക്ക് നാല് ലിറ്റർ എന്ന കണക്കിൽ ഏകദേശം 40,000 പേർക്ക് വെള്ളം ലഭ്യമാക്കുന്നതിനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നതെന്ന് മേയർ അറിയിച്ചു. ശുദ്ധജലം സൗജന്യമായി ലഭിക്കുന്നതിൽ കാണികൾ സന്തോഷം പ്രകടിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.
അതേസമയം, ക്യാമ്പ കോളയ്ക്ക് തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ലെന്നും വില വ്യക്തമായി പ്രദർശിപ്പിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. കോളയുടെ ഒരു കപ്പിന് 50 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. മത്സരം അവസാനിക്കുന്നതുവരെ വിലയിൽ മാറ്റം വരുത്താൻ പാടില്ലെന്നും കരാർ വ്യവസ്ഥകൾ ലംഘിച്ചാൽ വിൽപ്പന അനുവദിക്കില്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
മത്സരത്തിന് രണ്ട് ദിവസം മുമ്പ് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.ആർ. ഗോപന്റെ നേതൃത്വത്തിൽ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ പരിശോധന നടത്തിയിരുന്നു. മത്സരദിവസം ആരോഗ്യവിഭാഗം ജീവനക്കാർക്കൊപ്പം സ്റ്റേഡിയത്തിന്റെ വിവിധ ഭാഗങ്ങളിൽ വീണ്ടും പരിശോധന നടത്തി ക്രമീകരണങ്ങൾ വിലയിരുത്തിയതായും മേയർ പറഞ്ഞു. മത്സരം അവസാനിച്ചതിന് ശേഷവും കോർപ്പറേഷൻ സംഘം സ്റ്റേഡിയത്തിലും പരിസരത്തും തുടരുമെന്നും ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ശേഷമായിരിക്കും മടങ്ങുകയെന്നും മേയർ അറിയിച്ചു. കാണികൾക്ക് അമിത വില ഈടാക്കുന്നത് തടയുന്നതിനും മത്സരവേദിയിൽ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനുമുള്ള നടപടികൾ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.









