ഡൽഹി: ബിജെപി എം പിയും മുൻ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീറിന് ഇസ്ലാമിക് സ്റ്റേറ്റിന്റെ വധഭീഷണി. ഇസ്ലാമിക് സ്റ്റേറ്റ് കശ്മീറിൽ നിന്നാണ് ഗംഭീറിന് വധഭീഷണി. ഇമെയിൽ വഴിയായിരുന്നു ഭീഷണി സന്ദേശം എത്തിയത്.
വിഷയമോ അയച്ച ആളിന്റെ പേരോ ഇല്ലാതെ, ‘നിന്നെയും നിന്റെ കുടുംബത്തെയും കൊന്നു കളയും‘ എന്നായിരുന്നു ഭീഷണി സന്ദേശം. രാവിലെ 9.32 നാണ് സന്ദേശം ലഭിച്ചത്. വിഷയത്തിൽ ഗംഭീറിന്റെ പരാതി ലഭിച്ചതായി ഡൽഹി പൊലീസ് അറിയിച്ചു. ഗംഭീറിന്റെ സുരക്ഷ വർദ്ധിപ്പിക്കാനും എഫ് ഐ ആർ രജിസ്റ്റർ ചെയ്യാനും പൊലീസ് തീരുമാനിച്ചു.
ഇമെയിലിന്റെ ഉറവിടം അറിയുന്നതിന് വേണ്ടി പൊലീസ് സൈബർ സെല്ലിന് പരാതി കൈമാറി. കേസിൽ ഡൽഹി പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു.








