തൃശൂർ: ഇരിങ്ങാലക്കുടയിൽ ഫോർമാലിൻ ഉള്ളിൽ ചെന്ന് യുവാക്കൾ മരിച്ച സംഭവത്തിൽ വിശദീകരണവുമായി പൊലീസ്. യുവാക്കൾ വെള്ളമെന്നു കരുതി ഫോർമാലിൻ അബദ്ധത്തിൽ മദ്യത്തിൽ ഒഴിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. ഇരിങ്ങാലക്കുട ചന്തക്കുന്നിൽ നിശാന്ത് (43), പടിയൂർ എടതിരിഞ്ഞി ചെട്ടിയാൽ സ്വദേശി ബിജു (42) എന്നിവരാണ് മരിച്ചത്.
ഇരുവരുടെയും ആന്തരിക അവയവങ്ങൾ വെന്ത നിലയിലായിരുന്നു. കോഴിക്കട ഉടമയാണ് നിശാന്ത്. കോഴി മാലിന്യത്തിന്റെ ദുർഗന്ധം പോകാൻ ഉപയോഗിച്ചിരുന്ന ഫോർമാലിനാണ് അബദ്ധത്തിൽ ഉള്ളിൽ പോയത്. കുടിവെള്ള കുപ്പിയിലാണ് ഫോർമാലിൻ സൂക്ഷിച്ചിരുന്നത്.
മദ്യം നേർപ്പിക്കാൻ ഒഴിച്ച വെള്ളത്തിന് പകരം തെറ്റി ഫോർമാലിൻ ഒഴിച്ചിരിക്കാനാണ് സാധ്യതയെന്നാണ് പൊലീസ് പറയുന്നത്. മരുന്നു കടയിൽ നിന്ന് വാങ്ങിയതാണ് ഫോർമാലിനെന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്. അട്ടിമറി സാധ്യത നിലവിൽ സംശയിക്കുന്നില്ലെന്നാണ് വിവരം.
Discussion about this post